വിവേകത്താൽ വികാരത്തെ ജയിക്കുക
രാധയുടെ ഏക മകനായിരുന്ന പവിത്രൻ ഒരു ദിവസം കാറിടിച്ച് മരണപ്പെട്ടു. ഡ്രൈവർ മദ്യപിച്ചായിരുന്നു കാറോടിച്ചിരുന്നത്. പ്രിയ പുത്രന്റെ അകാലമരണം രാധയ്ക്ക് താങ്ങാനായില്ല. നിറഞ്ഞ ദുഃഖവുമായി കുറേ ദിവസത്തേക്ക് അവർ മരിച്ചുപോയ മകനെത്തന്നെ ചിന്തിച്ചു കഴിഞ്ഞു. ക്രമേണ അത് പ്രതികാര ചിന്തയായി മാറി. മദ്യപിച്ചു കാറോടിച്ചയാളെ കൊല്ലാൻ തന്നെ അവർ തീരുമാനിച്ചു. എന്നാൽ മനസൊന്നു ശാന്തമായപ്പോൾ മറ്റൊരു ചിന്ത കടന്നുവന്നു, ആ ഡ്രൈവറെ കൊന്നത് കൊണ്ട് തന്റെ മകൻ തിരിച്ചുവരുമോ! മാത്രമല്ല, മകൻ മരിച്ചതിന്റെ വേദന എനിക്ക് എത്ര അസഹനീയമായിരുന്നു. ഞാൻ വിഷമിച്ചതുപോലെ ആ ഡ്രൈവറുടെ അമ്മയും ബന്ധുക്കളും വിഷമിക്കില്ലേ. ഞാൻ കാരണം എന്തിനാണ് അയാളുടെ അമ്മയും ബന്ധുക്കളും ദുഃഖിക്കണം? എനിക്കുവന്ന ഈ ദുർവിധി മറ്റാർക്കും വന്നുകൂടാ. അവർ ഒന്നുകൂടെ ചിന്തിച്ചു. 'ഡ്രൈവർ മദ്യപിച്ചിരുന്നു എന്നതാണ് എന്റെ മകൻ മരിക്കാൻ കാരണം. അയാൾ കുടിച്ചിരുന്നില്ലായെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. അപ്പോൾ ഈ അപകടത്തിനു കാരണം മദ്യപാനമാണ്. മദ്യപാനത്തിനെതിരെ ജനങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്തിയാൽ ഇത്തരം അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയും. ഇങ്ങനെ ചിന്തിച്ചുറച്ച് അവർ മദ്യപാനത്തിന്റെ ദോഷവശങ്ങളെക്കുറിച്ചു ജനങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്താൻ തുടങ്ങി. മദ്യവർജ്ജനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു വലിയ പ്രസ്ഥാനം തന്നെ അവരുടെ ശ്രമഫലമായി രൂപംകൊണ്ടു. തന്റെ ജീവിതം സാർത്ഥകമായി എന്ന ചാരിതാർത്ഥ്യവും അവർക്കു കൈവന്നു.
മകന്റെ മരണത്തിനു കാരണമായ ആളിനെ കൊന്നിരുന്നെങ്കിൽ, അത് രാധയ്ക്കുതന്നെ എത്ര ദോഷമായേനെ. മാത്രമല്ല ലോകത്തിനും അതുകൊണ്ട് ഒരു ഉപകാരവുമുണ്ടാവുകയില്ല. ഒരു നിമിഷം ശാന്തമായി ചിന്തിക്കാൻ കഴിഞ്ഞതിലൂടെ ദുഃഖവും പ്രതികാര ചിന്തയും മാറ്റിനിറുത്താനും ജീവിതം നല്ലൊരു കാര്യത്തിനു വേണ്ടി വിനിയോഗിക്കാനും രാധയ്ക്കു കഴിഞ്ഞു. അവർക്കും സമൂഹത്തിനും ഒരുപോലെ അതു ഗുണകരമായിത്തീർന്നു.
നമ്മളിൽ പലരുടെയും ജീവിതത്തിൽ തികച്ചും അപ്രതീക്ഷിതമായി വലിയ ആഘാതങ്ങൾ സംഭവിക്കാറുണ്ട്. ഏറ്റവുമധികം സ്നേഹിക്കുന്നവരുടെ വേർപാടോ താങ്ങാനാകാത്ത നഷ്ടങ്ങളോ മനസിന്റെ സമനിലതന്നെ തെറ്റിച്ചെന്നുവരാം. അത്തരം സന്ദർഭങ്ങളിൽ ദുഃഖവും നിരാശയും നമ്മെ കീഴ്പ്പെടുത്തിയേക്കാം. അതിനു കാരണക്കാരായ വ്യക്തികളോട് കടുത്ത ദേഷ്യവും പ്രതികാരചിന്തയും തോന്നാം. എന്നാൽ വിവേകം നഷ്ടമാകാതെ സൂക്ഷിച്ചാൽ മനസിനെ ശരിയായ വഴിക്കു തിരിച്ചുവിടാൻ സാധിക്കും. എന്നാൽ ഇതിനു ഒരു നിമിഷം മനസിനെ ശാന്തമാക്കണം. ശാന്തമായ മനസിനു മാത്രമേ ശരിയായി ചിന്തിക്കാൻ കഴിയൂ. ശക്തമായ വികാരങ്ങൾ നമ്മുടെ ഓർമ്മശക്തിയെയും വിവേകത്തെയും നഷ്ടമാക്കും. അതിനാൽ പെട്ടെന്നു പ്രതികരിക്കാതെ ആദ്യം മനസിനെ ശാന്തമാക്കണം. അപ്പോൾ തെളിവോടെ ചിന്തിക്കാനും യഥാർത്ഥ വസ്തുതകൾ കണ്ടെത്താനും നമുക്കു കഴിയും. എടുത്തുചാടാതെ ശാന്തമായി നമ്മുടെ പ്രശ്നങ്ങളുടെ കാരണം കണ്ടെത്തിയാൽ പ്രശ്നങ്ങൾ പരിഹരിക്കുക മാത്രമല്ല, ലോകത്തിനുവേണ്ടി നന്മ ചെയ്യുവാനും നമുക്കു സാധിക്കും.