റാഹയ്ക്ക് 2 വയസ്, ആലിയയുടെ ജംഗിൾ തീം പാർട്ടി
മകൾ റാഹ കപൂറിന്റെ രണ്ടാം ജന്മദിനം ആഘോഷമാക്കി ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും. മുംബയിലെ വസതിയിൽ ജംഗിൾ തീം പാർട്ടിയാണ് ഒരുക്കിയത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. പാർട്ടിയിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ഇടംപിടിച്ചു. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ആലിയയും കഴിഞ്ഞ ദിവസം പങ്കുവച്ചു. പിറന്നാൾ ആശംസകളിൽ ഏറ്റവും അധികം ശ്രദ്ധ നേടിയ റിദ്ധിമ പങ്കിട്ട ചിത്രമായിരുന്നു. ആലിയ ഭട്ടിന്റെ കുട്ടിക്കാല ചിത്രത്തിനൊപ്പം റാഹയുടെ ഫോട്ടോയും ചേർത്തുവച്ച റിദ്ധിമയുടെ പോസ്റ്റിന് നിരവധി ആരാധകർ കമന്റ് ചെയ്തു. ആലിയയുടെ കാർബൺ കോപ്പിയാണ് റാഹ എന്നു ആരാധകർ. റാഹയുടെ ഒന്നാം ജന്മദിനം വരെ താരദമ്പതികൾ മകളുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നില്ല. തങ്ങൾ അതിന് റെഡിയാകുന്നതുവരെ മകളുടെ ചിത്രം പകർത്തരുതെന്ന് ഇരുവരും പാപ്പരാസികളോടും ആവശ്യപ്പെട്ടിരുന്നു.