ഭാര്യയുടെ അമ്മയെ വകവരുത്തിയത് ഒറ്റലക്ഷ്യത്തോടെ, വഴിത്തിരിവായത് ഭാര്യയുടെ സംശയം

Friday 08 November 2024 8:45 PM IST

കോഴിക്കോട്: വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണവും മൊബൈല്‍ ഫോണുമായി മുങ്ങിയ കേസില്‍ മരുമകന്‍ അറസ്റ്റില്‍. പെരുമണ്ണ പയ്യടിമീത്തലില്‍ അസ്മാബിയെ കൊലപ്പെടുത്തിയ കേസിലാണ് ചെന്നൈ ആരക്കോണം സ്വദേശി മഹ്‌മൂദ് എന്ന മമ്മദ് (39) അറസ്റ്റിലായത്. ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ രക്ഷപ്പെടുകയായിരുന്ന ഇയാളെ പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടികൂടുകയായിരുന്നു. അസ്മാബിയുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും പ്രതിയില്‍ നിന്ന് കണ്ടെത്തി.

ഫ്‌ളാറ്റില്‍ താമസിക്കുകയായിരുന്ന അസ്മാബിയെ കിടപ്പ്മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മകള്‍ സിനോബിയാണ്. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയപ്പോള്‍ അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആഭരണങ്ങളും മൊബൈല്‍ ഫോണും നഷ്ടമായിട്ടുണ്ടെന്നും ഭര്‍ത്താവ് മമ്മദിനെ കാണാനില്ലെന്നും മനസ്സിലാക്കിയ സനോബിക്ക് സംശയം തോന്നുകയും ചെയ്തിരുന്നു. ഉടനെ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം ആരംഭിച്ച പൊലീസ് സംഭവ ദിവസം കൃത്യം നടത്തിയ ശേഷം മമ്മദ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയെന്ന് മനസ്സിലാക്കി. തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. റെയില്‍വേ പൊലീസിന്റെ സഹായത്തോടെയാണ് ഇയാള്‍ ചെന്നൈ സൂപ്പര്‍ഫാസ്റ്റില്‍ കയറി പോയതായി മനസ്സിലാക്കിയത്. തുടര്‍ന്ന് ഒലവക്കോട് വെച്ച് ഇയാളെ പിടികൂടുകയായിരുന്നു.

ഒരു ജോലിക്കും പോകാതെ വീട്ടിലിരുന്ന് മദ്യപിക്കുന്നത് അസ്മാബി ചോദ്യംചെയ്യുന്നതിലുള്ള വിരോധവും തുടര്‍ന്നുള്ള വഴക്കുമാണ് കൊലപാതകത്തിലേക്കെത്തിയതെന്ന് പൊലീസ് പറയുന്നു. രണ്ട് പവനോളം സ്വര്‍ണവും അസാമാബിയുടെ മൊബൈലുമാണ് പ്രതി കൈക്കലാക്കിയത്. ഭാര്യയുമായുള്ള കുടുംബജീവിതം അവസാനിപ്പിച്ച് മറ്റൊരു വിവാഹംകഴിച്ച് മാറിത്താമസിക്കാനായിരുന്നു മെഹമൂദ് ലക്ഷ്യമിട്ടിരുന്നതെന്നും ചോദ്യം ചെയ്യലില്‍ പൊലീസിന് വ്യക്തമായി.