ടാക്സി ഡ്രൈവറായി മോഹൻലാൽ,​ തരുൺമൂർത്തി ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

Friday 08 November 2024 10:07 PM IST

മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടരും എന്ന് പേരിട്ടു. 26വർഷത്തിനുശേഷം മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്നതാണ് തരുൺമൂർത്തി ചിത്രത്തിന്റെ സവിശേഷത.

പരസ്യ ചിത്ര സംവിധായകൻ പ്രകാശ് വർമ്മയാണ് മറ്രൊരു പ്രധാന താരം. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കുശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തുടരും ഏറെ പ്രതീക്ഷ നൽകുന്നു. ഏറെ നാളുകൾക്കുശേഷം മോഹൻലാൽ സാധാരണക്കാരനായി എത്തുന്ന ചിത്രം കുടുംബ പശ്ചാത്തലമാണ്. ഷൺമുഖൻ എന്ന ടാക്സി ഡ്രൈവറുടെ വേഷമാണ് മോഹൻലാലിന്. ഭാര്യ വേഷമാണ് ശോഭന അവതരിപ്പിക്കുന്നത്. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഭാരതിരാജ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ്.

ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ആർഷ ചാന്ദിനി ബൈജു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കൂടാതെ നിരവധി പുതുമുഖങ്ങളെയും അവതരിപ്പിക്കുന്നു. കഥ:.കെ. ആർ. സുനിൽ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം: ഷാജികുമാർ. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമ്മാണം.ജനുവരിയിൽ ചിത്രം തിയേറ്ററിൽ എത്തും.