പച്ചമുളക് അരച്ച് വിദ്യാർത്ഥിയുടെ സ്വകാര്യ ഭാഗത്ത് തേച്ചു, ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; മദ്രസ അദ്ധ്യാപകൻ പിടിയിൽ

Saturday 09 November 2024 4:45 PM IST

കണ്ണൂർ: കൂത്തുപറമ്പിൽ വിദ്യാർത്ഥിയെ ദേഹോപദ്രവമേൽപ്പിച്ച മദ്രസ അദ്ധ്യാപകൻ പിടിയിൽ. മലപ്പുറം താനൂർ സ്വദേശി ഉമൈർ അഷ്റഫ് ആണ് വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചത്. കണ്ണവം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിഴിഞ്ഞം സ്വദേശിയായ വിദ്യാർത്ഥി പഠനത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ സെപ്തംബറിലാണ് അദ്ധ്യാപകൻ കുട്ടിയെ ദേഹോപദ്രവമേൽപിച്ചത്. ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചതിനൊപ്പം പച്ചമുളക് അരച്ച് സ്വകാര്യ ഭാഗത്ത് തേക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്‌തെന്നാണ് പരാതി.

പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി കേരളം വിട്ടു. തമിഴ്നാട്ടിലും കർണാടകയിലുമൊക്കെ ഒളിവിൽ കഴിഞ്ഞു. ഉമൈർ അഷ്റഫ് നാട്ടിൽ വരുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം അന്വേഷണ സംഘം മലപ്പുറത്തെത്തി, ക്യാമ്പ് ചെയ്തു. പൊലീസിനെ കണ്ടതും ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.