ഡെപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്; മൂന്ന് പേർ അറസ്റ്റിൽ

Saturday 09 November 2024 6:26 PM IST

തിരൂ‌ർ: താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ തിരൂർ മാങ്ങാട്ടിരി പൂക്കൈത സ്വദേശി പിബി ചാലിബിനെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്ര് ചെയ്തു. ചാലിബിനെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്തതിലാണ് അറസ്റ്റ്. രണ്ടത്താണി സ്വദേശികളായ ഫെെസൽ, ഷഫീഖ്, വെട്ടിച്ചിറ സ്വദേശി അജ്മൽ എന്നിവരാണ് അറസ്റ്റിലായത്.

വ്യാജ പോക്‌സോ കേസിൽപെടുത്തി കുടുംബം നശിപ്പിക്കുമെന്ന് പ്രതികൾ ഡെപ്യൂട്ടി തഹസിൽദാരെ ഭീഷണിപ്പെടുത്തിയിരുന്നു. ചാലിബിന്റെ പരാതിയിലാണ് നടപടി. ബുധനാഴ്ച മുതലാണ് ചാലിബിനെ കാണാതായത്. രാവിലെ പതിവുപോലെ ഓഫീസിലേക്ക് പോയതായിരുന്നു അദ്ദേഹം. അന്ന് ഓഫീസിൽ നിന്നും 5.15ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താൻ വൈകുമെന്ന് അറിയിച്ചു. പിന്നീട് വാട്സാപ്പിൽ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്‌സൈസ് ടീം ഉണ്ടെന്നും പറഞ്ഞു.

രാത്രി പതിനൊന്ന് മണിയായിട്ടും കാണാത്തതിനെ തുടർന്ന് തിരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അർദ്ധരാത്രി 12.18ന് ഓഫായ ഫോൺ, ഇന്നലെ രാവിലെ 6.55ന് കുറച്ച് സമയം ഓണായിരുന്നു. ഇതിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കോഴിക്കോട് പാളയം ഭാഗത്തായിരുന്നു. രാത്രിയും ഫോൺ ഓണായി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി 12 മണിയോടെ ചാലിബ് തിരികെ വീട്ടിലെത്തുകയായിരുന്നു. മാനസിക പ്രയാസം മൂലമാണ് നാടുവിട്ടതെന്ന് അദ്ദേഹം പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.