ജനങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് വർദ്ധിപ്പിക്കണം,​ സെക്‌സ് മന്ത്രാലയം രൂപീകരിക്കാൻ സർക്കാർ,​ പുട്ടിന്റെ തീരുമാനത്തിന് പിന്നിൽ

Saturday 09 November 2024 8:49 PM IST

മോസ്കോ : റഷ്യ - യുക്രെയിൻ യുദ്ധം തുടങ്ങിയിട്ട് രണ്ട് വർഷവും എട്ട് മാസവും പിന്നിട്ടിരിക്കുന്നു. യുദ്ധം രാജ്യങ്ങളെ സാമ്പത്തികമായും സാമൂഹികമായും തകർത്തേക്കാം. ജനസംഖ്യയെയും യുദ്ധം ആശങ്കാജനകമായ നിലയിൽ ബാധിക്കും. ആ യാഥാർത്ഥ്യം റഷ്യ തിരിച്ചറിയുകയാണ്. രാജ്യത്തെ ജനസംഖ്യയിൽ കുറവു വന്നതോടെ പ്രത്യുത്പാദന വർ‌ദ്ധനവിന് ജനങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇതിനായി ഒരു മന്ത്രാലയം തന്നെ രൂപീകരിക്കാൻ തയ്യാറെടുക്കുകയാണ് റഷ്യൻ സർക്കാർ എന്നാണ് റിപ്പോർട്ട്.

പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിശ്വസ്തയും കുടുംബ സംരക്ഷണ,​ പിതൃത്വ,​ മാതൃത്വ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയുടെ ചെയർ പേഴ്‌സണായ നിന ഒസ്ടാനിനയാണ് "മിനിസ്ട്രി ഓഫ് സെക്സ്' എന്ന ആശയം മുന്നോട്ടു വച്ചത്. ഇവരുടെ ശുപാർശകൾ റഷ്യൻ ഭരണകൂടം പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.

യുക്രെയിനുമായി യുദ്ധം തുടരുന്നതിന്റെ ഫലമായി ജനസംഖ്യയിൽ ഗണ്യമായ കുറവാണ് റഷ്യയിൽ ഉണ്ടായത്. കടുത്ത സാമ്പത്തി പ്രതിസന്ധിയും സർക്കാരിനെ വലയ്ക്കുന്നു. ജനനനിരക്ക് 2.1ൽ നിന്ന് 1.5ലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഇതിനെ തുടർന്ന് ജനങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് വർദ്ധിപ്പിക്കണമെന്നും കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്നും പുട്ടിൻ നിർദ്ദേശിച്ചതായി ഇംഗ്ലീഷ് മാദ്ധ്യമമായ മെട്രോ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജനസംഖ്യ വർദ്ധിപ്പിക്കാൻ ഒരു മന്ത്രാലയം തന്നെ രൂപീകരിക്കാൻ റഷ്യ ആലോചിക്കുന്നത്.