പൊലീസിൽ അറിയിച്ചതിന് മർദ്ദനം; പ്രതി പിടിയിൽ
ആലപ്പുഴ: മൊബൈൽ ഫോൺ പിടിച്ചുപറിച്ചു വാങ്ങിയത് പൊലീസിൽ അറിയിക്കാൻ കൂട്ട് നിന്നുവെന്ന വിരോധത്താൽ യുവാവിനെ ആക്രമിച്ച പ്രതി ഹൗസിംഗ് കോളനി വാർഡിൽ സുരേന്ദ്രപുരം വീട്ടിൽ അനന്തുവിനെ (അപ്പു 29) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി കാപ്പാ കേസിലെ പ്രതികൂടിയായ വലിയമരം വാർഡിൽ പരത്തിപ്പള്ളിൽ വീട്ടിൽ വിച്ചു ചന്ദ്രൻ കോടതിയിൽ കീഴടങ്ങിയിരുന്നു. രണ്ടാം തീയതി വൈകിട്ട് ആറിനാണ് കേസിനാസ്പദമായ സംഭവം. വലിയമരം വാർഡിൽ തൈക്കാവ് പറമ്പ് വീട്ടിൽ ഷാമോനാണ് (29) ആക്രമണത്തിൽ പരിക്കേറ്റത്. ഷാമോൻ ജോലി ചെയ്യുന്ന മൊബൈൽ ഷോപ്പിന് അടുത്ത കടയിലെ ജോലിക്കാരനായ അൽഫാസിന്റെ മൊബൈൽ ഫോണാണ് പ്രതികൾ പിടിച്ചുപറിച്ചത്. ഇതറിഞ്ഞ ഷാമോൻ പൊലീസിൽ പരാതി നൽകാൻ അൽഫാസിനെ നിർബന്ധിച്ചുവെന്ന് തെറ്റിദ്ധരിച്ചായിരുന്നു പ്രതികൾ ഷാമോനെ കടയിൽ നിന്നും വിളിച്ചിറക്കി അസഭ്യം പറഞ്ഞതും, വാൾ കാണിച്ച് ഭീഷണിപ്പെടുത്തി മർദ്ദിച്ചതും. തുടർന്ന് അൽഫാസ് സൗത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.