നങ്ങ്യാർകുളങ്ങരയിൽ വീടുകളുടെ വാതിലുകൾ കുത്തിതുറന്ന് മോഷണം 

Sunday 10 November 2024 12:51 AM IST

ഹരിപ്പാട്: നങ്ങ്യാർകുളങ്ങരയിൽ മൂന്ന് വീടുകളുടെ വാതിലുകൾ കുത്തിതുറന്ന് മോഷണം. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിന് നങ്ങ്യാർകുളങ്ങര അയിരൂട്ടിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മോഹനൻ മകൾ മേഘയുടെ (22) കഴുത്തിൽ കിടന്ന സ്വർണമാല വീടിന്റെ പുറകു വശത്തുള്ള രണ്ടു വാതിലുകൾ കുത്തി തുറന്ന് മോഷ്ടിച്ചു. പെൺകുട്ടി ബഹളംവച്ചതോടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന 2000 രൂപയും അപഹരിച്ചു. പുലർച്ചെ ഒരു മണിയോടെ നങ്ങ്യാർകുളങ്ങര അരശേരിൽ കൃഷ്ണാസിൽ ആശയുടെ വീടിന്റ മുൻവശത്തെ ഡോർ പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് മകൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ആശയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. ബഹളം വച്ചപ്പോൾ മോഷ്ടാവ് കടന്ന് കളഞ്ഞു. വീട്ടിലെ റൂമുകളിലെ അലമാരകളും , മേശയും പരതി അലങ്കോലപ്പെട്ട നിലയിലാണ്. ആശയുടെ കഴുത്തിൽ നഖം കൊണ്ട് മുറിവേറ്റിട്ടുണ്ട്. സമീപത്തെ ശ്യാം നിവാസിൽ ശരത്തിന്റെ വീടിന്റെ അടുക്കള വാതിൽ കുത്തി തുറന്നു അകത്തു കയറിയ മോഷ്ടാവ് റൂമിൽ മേശപ്പുറത്ത് വച്ചിരുന്ന വരവ് മാലയും രണ്ടു ഗ്രാം താലിയും മോഷ്ടിക്കപ്പെട്ടു. കരിയിലകുളങ്ങര, ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രദേശത്തെ സി.സി.ടി.വി ക്യാമറ പൊലീസ് പരിശോധിക്കുകയാണ്.