ശ്രീനാരായണഗുരു സാംസ്കാരിക ഉത്സവത്തിന് 30ന് തിരിതെളിയും

Sunday 10 November 2024 12:46 AM IST

കൊല്ലം: സാംസ്കാരിക വകുപ്പിന്റെയും ജില്ല ലൈബ്രറി കൗൺസിലിന്റെയും സഹകരണത്തോടെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന 'ശ്രീനാരായണഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവം" 30 മുതൽ ഡിസംബർ 3 വരെ കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ നടക്കും.

30ന് രാവിലെ 10.30ന് ജസ്റ്റിസ് കെ.ചന്ദ്രു ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി അനിത നായർ മുഖ്യാതിഥിയാകും. എഴുത്തച്ഛൻ പുരസ്കാര ജേതാവ് എൻ.എസ്.മാധവനെ ചടങ്ങിൽ ആദരിക്കും. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പുസ്തകോത്സവം, കേരള വികസനം ആസ്പദമാക്കിയുള്ള അക്കാഡമിക് സെഷൻ, കേരള സ്റ്റാർട്ട്‌അപ്പ്‌ മിഷൻ സംഘടിപ്പിക്കുന്ന സ്റ്റാർട്ട്‌ അപ്പ്‌ ഫോറം, പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, സെമിനാറുകൾ, സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രമേള, കഥഅരങ്ങ്, കവിഅരങ്ങ്, കലാസന്ധ്യകൾ, കൊല്ലം ജില്ല രൂപീകരിച്ച് 75 വർഷം പിന്നിട്ടതുമായി ബന്ധപ്പെട്ട പ്രദർശനം, ദൈവദശകം ആസ്പദമാക്കി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്താവിഷ്കാരം തുടങ്ങിയവ നടക്കും. പങ്കെടുക്കാനായി 15 മുതൽ 27 വരെ രജിസ്റ്റർ ചെയ്യാം. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളും ദർശനങ്ങളും തലമുറകൾക്ക് കൈമാറുകയെന്ന ലക്ഷ്യത്തോടെയാണ് സർവകലാശാല സാഹിത്യ സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്.