ഡൽഹിയിൽ രണ്ടിടത്ത് വെടിവയ്പ് ; ഒരാൾ കൊല്ലപ്പെട്ടു
ന്യൂഡൽഹി: ഡൽഹിയെ ഞെട്ടിച്ച് രണ്ടിടങ്ങളിൽ വെടിവയ്‌പ്. ഒരാൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച അർദ്ധരാത്രി കബീർ നഗറിലുണ്ടായ വെടിവയ്പിൽ നദീം എന്നയാൾ കൊല്ലപ്പെട്ടു. സുഹൃത്ത് ഷാനവാസിന് ഗുരുതരമായി പരിക്കേറ്റു. സ്‌കൂട്ടറിൽ പോകുകയായിരുന്ന യുവാക്കൾക്ക് നേരെ ബൈക്കിലെത്തിയ അക്രമികൾ ഏഴു റൗണ്ടോളം വെടിയുതിർക്കുകയായിരുന്നു. സ്വന്തം ബൈക്ക് സ്ഥലത്ത് ഉപേക്ഷിച്ച് നദീമിന്റെ സ്‌കൂട്ടറും ഫോണുമെടുത്താണ് അക്രമികൾ കടന്നത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ ഡൽഹി പൊലീസ് പിടികൂടി. നദീമിൽ നിന്ന് ഇവർ പണം കടംവാങ്ങിയിരുന്നുവെന്നും പണം മടക്കി നൽകാൻ സമ്മർദ്ദമുണ്ടായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞതായാണ് സൂചന.
ഇതിനിടെ, ജ്യോതി നഗറിൽ അക്രമികൾ ആറു റൗണ്ട് ആകാശത്തേക്ക് വെടിവച്ചു. കബീർ നഗർ സംഭവത്തിൽ പിടിയിലായവർ തന്നെയാണ് ഇതിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തി. മൂന്ന് നാടൻ തോക്കുകൾ പിടിച്ചെടുത്തു. ഇതിനിടെ, തോക്ക് വിൽപ്പന സംഘത്തിലെ രണ്ടുപേരെ ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. 13 പിസ്റ്റളുകൾ ഇവരുടെ പക്കലുണ്ടായിരുന്നു.