'ലിയാം പെയ്ൻ ആത്മഹത്യ ചെയ്തതല്ല'; പുതിയ വെളിപ്പെടുത്തലുമായി അധികൃതർ, മൂന്ന് പേർ കസ്റ്റഡിയിൽ
ബ്യൂണസ് ഐറിസ്: ഇംഗ്ലീഷ് ഗായകനും പോപ് ബോയ് ബാൻഡായ 'വൺ ഡയറക്ഷനി'ലെ അംഗവുമായിരുന്ന ലിയാം പെയ്നിന്റെ (31) മരണം ഇപ്പോഴും ലോകത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഒക്ടോബർ 16നാണ് താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെ ബാൽക്കണിയിൽ നിന്ന് ലിയാം വീണ് മരിക്കുന്നത്. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ഹോട്ടൽ മുറിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
ലിയാമിന്റെ മരണത്തിന് പിന്നാലെ അതിനെ ചുറ്റിപ്പറ്റി പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടായിരുന്നു. ആത്മഹത്യയാണെന്നും കൊലപാതകമാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഇപ്പോഴിതാ ലിയാമിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തിയിരിക്കുകയാണ് അർജന്റീന പൊലീസ്. ലിയാമിന്റെ മരണം ആത്മഹത്യ അല്ലെന്നും അദ്ദേഹം മൂന്നാ നിലയിൽ നിന്ന് വീഴുന്നതിന് മുൻപ് തന്നെ അബോധാവസ്ഥയിലായിരുന്നുവെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ലിയാമിന്റെ മരണത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ലിയാം പതിവായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം. ലിയാം വീഴ്ചയ്ക്ക് മുൻപ് ലഹരി ഉപയോഗിച്ചിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. തലയിലെ ഗുരുതരമായ പരിക്ക് ഉൾപ്പെടെ 25 മുറിവുകൾ മൃതദേഹത്തിൽ കണ്ടെത്തിയിരുന്നു. ഒന്നിലധികം മയക്കുമരുന്നുകളുടെ സാന്നിദ്ധ്യം ഗായകന്റെ ശരീരത്തിൽ ഉണ്ടായിരുന്നതായി പുറത്തുവന്ന ടോക്സിക്കോളജി റിപ്പോർട്ടിൽ പറയുന്നു. മരണത്തിന് മുൻപ് അക്രമാസക്തനായി കാണപ്പെട്ട ലിയാമിനെ ഹോട്ടൽ ജീവനക്കാർ തിരികെ മുറിയിലേക്ക് മാറ്റിയിരുന്നുവെന്ന റിപ്പോർട്ടുകളും മുൻപ് പുറത്തുവന്നിരുന്നു. ലിയാമിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണ് പൊലീസ്. അടുത്ത ആഴ്ച ലിയാമിന്റെ സംസ്കാര ചടങ്ങ് ഉണ്ടാകുമെന്നാണ് വിവരം