ഈച്ചയുടെ വലിപ്പം, ശത്രുവിന്റെ മൂക്കിന് തുമ്പിൽ പോലും പറന്നെത്തി രഹസ്യം ചോർത്തും: ലോകത്തിലെ ഏറ്റവും ചെറിയ ആളില്ലാ വിമാനം സൈന്യത്തിന്റെ കയ്യിലെത്തി
കണ്ടാൽ ഒരുപക്ഷിയോളം വലിപ്പമില്ല, എന്നാൽ ഈച്ചയുടേതിനേക്കാൾ വലിപ്പമുണ്ട്, ശത്രുവിന്റെ മൂക്കിന് താഴെ വരെ അതിവേഗതയിൽ പറന്നെത്തി രഹസ്യങ്ങൾ ചോർത്തും, പറഞ്ഞുവരുന്നത് ഏതെങ്കിലും ബോളിവുഡ് സിനിമയിലെ രംഗമല്ല. കഴിഞ്ഞ ദിവസം അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ പരീക്ഷിച്ച പുതിയ വിദൂര നിയന്ത്രിത ആളില്ലാ വിമാനമായ (ഡ്രോൺ) ബ്ലാക് ഹോർണറ്റിന്റെ വിശേഷങ്ങളാണിത്. അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിനടുത്ത് വച്ച് അമേരിക്കൻ സൈന്യത്തിന്റെ കോംബാറ്റ് ടീമിൽ പെട്ട തേർഡ് ബ്രിഗേഡാണ് ബ്ലാക് ഹോർണറ്റിന്റെ പരീക്ഷണം വിജയകമായി പൂർത്തിയാക്കിയത്. പ്രദേശത്തെ നാട്ടുകാരോട് സംസാരിക്കുവാനും പെട്രോളിംഗ് നടത്തുന്നതിനുമായി രംഗത്തിറങ്ങിയപ്പോഴാണ് ഇത്തിരിക്കുഞ്ഞൻ വിമാനത്തിനെ സൈന്യം ഉപയോഗിച്ചത്.
ദുർഘട പാതകളിലും തീവ്രവാദി ഭീഷണി നേരിടുന്ന സ്ഥലങ്ങളിലും സൈന്യത്തിന് വേണ്ട നിരീക്ഷണ സംവിധാനം ഒരുക്കാൻ വേണ്ടി പ്രത്യേകം തയ്യാറാക്കിയ ബ്ലാക് ഹോർണറ്റിന് പോക്കറ്റിൽ ഒതുങ്ങാവുന്ന വലിപ്പം മാത്രമാണുള്ളത്. ഉയർന്ന ക്വാളിറ്റിയിലുള്ള ദൃശ്യങ്ങൾ ലഭിക്കുന്ന കാമറ, മണിക്കൂറിൽ 21.49 കിലോമീറ്റർ സ്പീഡ്, ഒരു തവണ ചാർജ് ചെയ്‌താൽ അര മണിക്കൂർ നേരം ഉപയോഗിക്കാം, രണ്ട് കിലോമീറ്റർ ചുറ്റളവിൽ എവിടെയും പറത്താം തുടങ്ങിയവ ഇവന്റെ പ്രത്യേകതകളിൽ ചിലത് മാത്രമാണ്. കെട്ടിടങ്ങൾക്കുള്ളിലെ ഇരുണ്ട സ്ഥലങ്ങൾ, ഗുഹകൾ, പൈപ്പുകൾ എന്നിവയ്‌ക്കുള്ളിൽ കടന്ന് ചെന്ന് ഏത് സമയത്തും ദൃശ്യങ്ങൾ പകർത്താനും ലൈവായി നിരീക്ഷിക്കാനും ഹോർണറ്റിന് കഴിയും. ഉടൻ തന്നെ സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങൾക്കും ഹോർണറ്റിന്റെ സേവനം ലഭ്യമാക്കുമെന്നും അമേരിക്കൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.