ഇതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് രാസലഹരി, അന്വേഷണത്തിനായി എക്സൈസ് സീക്രട്ട് ഗ്രൂപ്പ്
കൊച്ചി: ഇടനിലക്കാർ വഴി സംസ്ഥാനത്തെ കാമ്പസുകളിലെത്തുന്ന മാരക രാസലഹരി മരുന്നുകളുടെ വ്യാപനം തടയാൻ രഹസ്യ നീക്കവുമായി എക്‌സൈസ്. പൊലീസ്, കോളേജ് അധികൃതർ, വിദ്യാർത്ഥികൾ, ലഹരി വിരുദ്ധ ക്ലബുകൾ തുടങ്ങിയ വിഭാഗങ്ങളുടെ സഹകരണത്തോടെ നടന്നുവരുന്ന പ്രവർത്തനങ്ങളാണ് കൂടുതൽ ഊർജിതമാക്കുന്നത്. എക്‌സൈസിന്റെ പ്രത്യേക അന്വേഷണ സംഘങ്ങളായ 'സീക്രട്ട് ഗ്രൂപ്പിന്റെ' നിരീക്ഷണ വലയം കോളേജുകളിലുണ്ടാകും. ലഹരി ക്ലബുകളടക്കം നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ് എക്‌സൈസിന്റെ നീക്കം. നിലവിൽ, നിരവധി ഇടനിലക്കാരെ പൂട്ടാൻ എക്‌സൈസിന് സാധിച്ചിട്ടുണ്ട്
ഹോസ്റ്റൽ മറ
ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് രാസലഹരി എത്തുന്നത് വർദ്ധിച്ചുവെന്നാണ് എക്സൈസ് ചൂണ്ടിക്കാട്ടുന്നത്. ഉപഭോക്താക്കളെ തന്നെ ഏജന്റുമാരാക്കി മാറ്റുകയാണത്രേ രീതി. വിദ്യാർത്ഥികൾക്ക് വില്പനക്കെത്തിച്ച ബൂപ്രിനോർഫിൻ (കാൻസർ രോഗികൾക്ക് നൽകുന്ന വേദന സംഹാരി) എറണാകുളത്ത് പിടികൂടിയതോടെയാണ് എക്‌സൈസ്, കാമ്പസുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം ഊർജിതമാക്കിയത്.
കഞ്ചാവ് ഔട്ട്
നേരത്തെ കഞ്ചാവാണ് ഉപയോഗിച്ചിരുന്നതെങ്കിൽ യുവാക്കൾ ഇപ്പോൾ രാസലഹരികളിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നാണ് എക്സൈസ് കണ്ടെത്തൽ. കഴിഞ്ഞ മാസങ്ങളിൽ എക്സൈസ് പിടികൂടിയതും ഇത്തരം കേസുകളാണ്. ജൂണിൽ മാത്രം ആറ് ആംപ്യൂൾ ബൂപ്രിനോർഫിൻ, 8 ഗ്രാം മെഥിലീൻഡൈ ഓക്‌സി മെതാംഫിറ്റമിൻ (എം.ഡി.എം.എ), വേദന സംഹാരിയായ 1414 സ്പാസ്‌മോ പ്രൊക്‌സൈവോൺ പ്ലസ് ഗുളികകൾ, 90 അൽപ്രാസോലം ഗുളികകൾ, ഏഴ് ട്രമഡോൾ, 260.9 ഗ്രാം ആംഫിറ്റമിൻ എന്നിങ്ങനെ രാസലഹരി സംസ്ഥാനത്ത് പിടികൂടിയിട്ടുണ്ട്. മെയ് മാസത്തിൽ 84.465 ഗ്രാം എം.ഡി.എം.എ, മൂന്ന് ആപ്യൂൾ ബ്രൂപ്രിനോർഫിൻ, 98 സ്പാസ്‌മോ പ്രൊക്‌സിവോൺ പ്ലസ് ഗുളിക, 92 ഗ്രാം ട്രമാഡോൾ, 10 ക്ലോണാസെപാം, 2.2 ഗ്രാം ടാപെന്റഡോൾ, 2.505 ഗ്രാം ആംഫെറ്റമിൻ, 22.52 ഗ്രാം കാൾപോൾ ടി ടാബ്‌ലറ്റ് എന്നിങ്ങനെയും പിടിച്ചു.
ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ആകെ 68.053 ഗ്രാം എം.ഡി.എം.എ, 1293 സ്പാസ്‌മോ പ്രൊക്‌സിവോൺ പ്ലസ് ടാബ്‌ലറ്റുകൾ, 52 ആംപ്യൂൾ ബൂപ്രിനോർഫിൻ എന്നിങ്ങനെയും പിടികൂടിയിരുന്നു. കൂടാതെ ചെറുതും വലുതുമായ അളവിൽ ലഹരി ഉപയോഗത്തിനായി എത്തിച്ച വിവിധ തരം വേദന സംഹാരി മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഒന്നിച്ച് നീങ്ങണം
വിമുക്തി പദ്ധതിയുടെ ഭാഗമായി കാമ്പസുകളിൽ ബോധവത്കരണം സജീവമാണ്. മാതാപിതാക്കളും അദ്ധ്യാപകരും സമൂഹവും ഒരുമിച്ചുള്ള പ്രവർത്തനങ്ങൾക്കേ ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ അതിൽനിന്നും പൂർണമായി മോചിപ്പിക്കാൻ കഴിയുകയുള്ളൂ.
അശോക് കുമാർ, അസി.കമീഷണർ, എക്‌സൈസ്, എറണാകുളം