കടത്ത് സ്വർണം ആഭരണങ്ങളാക്കും 'കുടിൽ വ്യവസായം' പൊടിപൂരം!!
കാസർകോട്: പല മാർഗങ്ങളിലൂടെ എത്തിക്കുന്ന കള്ളക്കടത്ത് സ്വർണം ഉരുക്കുകയും ആഭരണമാക്കി മാറ്റുകയും ചെയ്യുന്ന കേന്ദ്രങ്ങൾ സംസ്ഥാനത്ത് സജീവമെന്ന് വിവരം. ചെറുകിട യൂണിറ്റുകളായി പ്രവർത്തിക്കുന്നതിനാൽ ആരുടെയും ശ്രദ്ധപതിയാറില്ല. ഏജന്റുമാർ മുഖേനയാണ് കള്ളക്കടത്ത് സ്വർണം ഇത്തരം കേന്ദ്രങ്ങളിലെത്തുന്നതും ആഭരണങ്ങളാക്കി വിൽക്കുന്നതും. കാസർകോട്, കോഴിക്കോട്, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇത്തരം 'കുടിൽ വ്യവസായം' പ്രവർത്തിക്കുന്നതായാണ് വിവരം. ഈ ആഭരണ നിർമ്മാണ യൂണിറ്റുകളുടെ 'ഹെഡ് ഓഫീസ്" തൃശൂർ ഭാഗത്താണെന്നും വിവരമുണ്ട്.
നിയമാനുസരണം ലൈസൻസ് എടുക്കുകയോ ജി.എസ്.ടി അടയ്ക്കുകയോ ചെയ്യാതെ രഹസ്യമായി പ്രവർത്തിക്കുന്ന ഇത്തരം യൂണിറ്റുകളെ കുറിച്ച് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിനും ജി.എസ്.ടി അധികൃതർക്കും വിവരം ലഭിച്ചു എന്നും സൂചനയുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒളിച്ചുകടത്തുന്ന മിശ്രിതരൂപത്തിലുള്ള സ്വർണം വേർതിരിച്ചെടുക്കുന്ന രഹസ്യകേന്ദ്രം നേരത്തെ കോഴിക്കോട് നീലേശ്വരത്ത് ഡി.ആർ.ഐ കണ്ടെത്തിയിരുന്നു. ഒരു വീട് കേന്ദ്രീകരിച്ചാണ് ഇങ്ങനെ ആയിരം കിലോഗ്രാമോളം സ്വർണം വേർതിരിച്ചെടുത്ത കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെ പരിശോധന നടത്തിയ ഡി.ആർ.ഐയ്ക്ക് കടത്തുകാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും സ്വർണം കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ചിരുന്ന അടിവസ്ത്രങ്ങളും ബെൽറ്റുകളും ചെരുപ്പുകളുമെല്ലാം ലഭിച്ചിരുന്നു. സ്വർണം ഉരുക്കി വേർതിരിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി. തൃശൂരും ഇത്തരം കേന്ദ്രം നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലേക്ക് വൻതോതിൽ സ്വർണക്കടത്ത് നടക്കുന്നുണ്ട്. മുമ്പ് ഡി.ആർ.ഐ നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. മൂവാറ്റുപുഴ, കാസർകോട്, കോഴിക്കോട്, പെരുമ്പാവൂർ സ്ഥലപ്പേരുകളിലറിയപ്പെടുന്ന സംഘങ്ങൾ സാമ്പത്തികമായി ഉണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ചും അന്വേഷണമുണ്ടായി. നാലുപേർ 100 കോടിയിലേറെ ഇത്തരത്തിൽ സ്വർണക്കടത്ത് കൊണ്ട് സമ്പാദിച്ചു എന്ന സൂചനയും ലഭിച്ചിരുന്നു. ഇങ്ങനെ കടത്തുസ്വർണം ആഭരണങ്ങളാക്കി മാറ്റിയും കോടികൾ കൊയ്യുന്നവർ ഉണ്ടെന്നാണ് വിവരം.
വിമാനത്താവളങ്ങൾ വഴിയും അല്ലാതെയുമൊക്ക കടത്തുന്ന സ്വർണം മുഴുവൻ എന്ത് ചെയ്യുന്നു എന്ന ചോദ്യമാണ് ഇത്തരം കേന്ദ്രങ്ങളിലേക്കും എത്തിനിൽക്കുന്നത്. 70 കിലോമീറ്റർ കടലോരമുള്ള കാസർകോട് കടൽവഴിയും സ്വർണമെത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കാസർകോട്ടെ ചില കേന്ദ്രങ്ങളിൽ പണിയാൻ സൂക്ഷിച്ചുവച്ചിരുന്ന സ്വർണം കസ്റ്റംസ് അധികൃതർ റെയ്ഡ് നടത്തി പിടികൂടിയിരുന്നു.