യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
അമ്പലപ്പുഴ: ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാറാം വാർഡ് ഫിഷർമെൻ കോളനിയിൽ പ്രജിന്റെ ഭാര്യ ദേവിക (23)യെയാണ് ഭർതൃവീട്ടിലെ ജനലിൽ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ ശനിയാഴ്ച പകൽ കണ്ടെത്തിയത്. ബന്ധുക്കളെത്തിയപ്പോൾ പ്രജിൻ ഷാൾ മുറിച്ചുമാറ്റി ദേവികയെ കട്ടിലിൽ കിടത്തിയിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ ദേവിക മരിച്ചു. പോസ്റ്റുമോർട്ടത്തിനായി അമ്പലപ്പുഴ പൊലീസ് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
എന്നാൽ, പോസ്റ്റുമാർട്ടത്തിന് ഇൻക്വസ്റ്റ് തയ്യാറാക്കിയപ്പോൾ ദേഹത്ത് പാടുകളും മുഖത്ത് മുറിവും കണ്ടെത്തിയതിനെത്തുടർന്ന് ബന്ധുക്കൾ അമ്പലപ്പുഴ പൊലീസിൽ പരാതിനൽകുകയായിരുന്നു. പരാതിയിൽ കേസെടുത്ത് ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും വീട് പരിശോധിച്ചു.
പ്രജിൻ ജാമ്യത്തിലിറങ്ങിയത് രണ്ടുദിവസം മുമ്പ്
സംഭവസമയത്ത് പ്രജിനും ഭാര്യയും ഒരു വയസുള്ള കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പ്രജിന്റെ അമ്മ ആലപ്പുഴയിൽ ജോലിക്ക് പോയിരിക്കുകയായിരുന്നു. ചാരായ വാറ്റു കേസിൽ റിമാന്റിലായിരുന്ന പ്രജിൻ രണ്ടു ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. മദ്യപിച്ചെത്തി ദേവികയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു എന്നാണ് ദേവികയുടെ വീട്ടുകാരുടെ ആരോപണം. മൂന്നു വർഷം മുമ്പ് സ്നേഹിച്ച് വിവാഹം കഴിച്ചതായിരുന്നു ഇരുവരും. ദേവികയുടെ മാതാപിതാക്കളായ സേതു, കുഞ്ഞുമോൻ എന്നിവരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. ദേവികയുടെ ഏക സഹോദരൻ വൈശാഖ് വിദേശത്താണ്. ഇന്ന് നാട്ടിലെത്തും. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.