പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച ഗുണ്ടകൾ അറസ്റ്റിൽ

Monday 11 November 2024 1:45 AM IST

തിരുവനന്തപുരം: ഹോണടിച്ചതിൽ ഇഷ്ടപ്പെടാതിരുന്നതിന് പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച രണ്ട് ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമാതുറ സ്വദേശി ഷാനിഫർ (32)​,​ പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാൾഡ് (28)​ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് ക്രൈംബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷെമീറിനെയാണ് മർദ്ദിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ഷമീർ പുതുക്കുറിച്ചിയിലുള്ള വീട്ടിലേക്ക് പോകവെയാണ് സംഭവം. ഷമീർ സഞ്ചരിച്ച വാഹനം ഹോണടിച്ചത് മുന്നിലൂടെ ബൈക്കിൽ പോവുകയായിരുന്ന പ്രതികൾ ചോദ്യംചെയ്യുകയും മർദ്ദിക്കുകയുമായിരുന്നെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു. ഞങ്ങൾ ഈ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടകളാണ്, ഞങ്ങളുടെ പിന്നിൽവന്ന് ഹോണടിക്കാൻ നീ ആരെടാ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മർദ്ദനം. പ്രതികൾ വാഹനത്തിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഷമീറിനെ കുത്താൻ ശ്രമിക്കുകയും മുഖത്തിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു. വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റുചെയ്തത്. കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽപ്പെട്ട ഷാനിഫർ പതിനെട്ടോളം കേസുകളിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.