പ്രണയബന്ധം അവസാനിപ്പിക്കാൻ മകളെ അമേരിക്കയിലേക്ക് വിട്ടു, പിതാവിന് നേരെ വെടിയുതിർത്ത് കാമുകൻ

Monday 11 November 2024 10:26 AM IST

ഹൈദരാബാദ്: പ്രണയബന്ധത്തിൽ നിന്ന് മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പിതാവിനെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കാമുകൻ അറസ്​റ്റിൽ. 25കാരനായ ബൽവീന്ദർ സിംഗാണ് അറസ്​റ്റിലായത്. രേവന്ത് ആനന്ദ് എന്ന 57കാരനാണ് വെടിയേറ്റത്. പ്രണയബന്ധം അവസാനിപ്പിക്കാനായി രേവന്ത് മകളെ അമേരിക്കയിലേക്ക് പറഞ്ഞയച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് വെടിവയ്പ്പിൽ കലാശിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

രേവന്തിന്റെ വലതുകണ്ണിലാണ് വെടിയേ​റ്റത്. പ്രതിയും പെൺകുട്ടിയും സഹപാഠികളായിരുന്നുവെന്നാണ് സരൂർ നഗർ പൊലീസ് നൽകുന്ന വിവരം. തോക്കുമായി ബൽവീന്ദർ സിംഗ് കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൃത്യം നടത്തിയതിനുശേഷം സംഭവസ്ഥലത്തുനിന്നും പ്രതി ഓടിരക്ഷപ്പെട്ടു. അവിടെ പാർക്ക് ചെയ്തിരുന്ന കാറിനും കേടുപാടുകൾ വരുത്തി.

ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിനും ലൈസൻസില്ലാതെ തോക്ക് സൂക്ഷിച്ചതിനും കേസുകൾ രജിസ്​റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രണയത്തിന്റെ പേരിൽ മകളെ ബൽവീന്ദർ നിരന്തരമായി ശല്യം ചെയ്തിരുന്നുവെന്നും അതിന്റെ പേരിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പെൺകുട്ടിയുടെ പിതാവ് പൊലീസ് മൊഴി നൽകി. ഗുരുതര പരിക്കേ​റ്റ രേവന്ത് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.