മന്ത്രിയുമായി ബന്ധമുണ്ടെന്ന് വിശ്വസിപ്പിക്കും, ലക്ഷങ്ങൾ കിട്ടിയാൽ പിന്നെ പൊടിപോലുമില്ല, ഇങ്ങനെയൊക്കെയാണ് 'ഉടായിപ്പ്' ബിജുവിന്റെ തട്ടിപ്പ്

Monday 11 November 2024 2:02 PM IST

ചെങ്ങന്നൂർ: മന്ത്രിയുമായും പി എ മാരുമായും ബന്ധമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് ബിനീഷ് ഭവനിൽ വി.ബിജു (ഉടായിപ്പ് ബിജു -40) വിനെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റു ചെയ്തത്.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുമായും ബന്ധമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിവന്നത്. കേരള സർക്കാരിന്റെ പുരാവസ്തു വകുപ്പിൽ എൽ ഡി ക്ലാർക്ക് തസ്തികയിൽ ജോലിവാങ്ങിത്തരാം എന്നു പറഞ്ഞ് കൊഴുവല്ലൂർ സ്വദേശി ഉല്ലാസിനോട് ഒരലക്ഷത്തി മുപ്പതിനായിരം രൂപ വാങ്ങി മുങ്ങിയതിനെ തുടർന്നാണ് പരാതി നൽകിയത്.

സമാന രീതിയിൽ മറ്റ് പലരുടെയും പക്കൽ നിന്നും ഇയാൾ ലക്ഷങ്ങൾ വാങ്ങിയതായാണറിവ്. ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ.ബിനുകുമാർ നേതൃത്വത്തിൽ സി.ഐ വിബിൻ എ.സി ,എസ് ഐ പ്രദീപ് .എസ് ,സി പി ഒ ജിജോ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റു ചെയ്തത്.