'മോഹൻലാലുമായുള്ള വിവാഹം നടന്നതിന് കാരണം ആ നടി'; ദിവസവും അഞ്ച് കാർഡ് അയക്കുമായിരുന്നുവെന്ന് സുചിത്ര
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ എപ്പോഴും മലയാളികൾക്ക് വലിയ താൽപര്യമാണ്. കഴിഞ്ഞ ദിവസം സുചിത്ര മോഹൻലാലിന്റെ അഭിമുഖം ഒരു യുട്യൂബ് ചാനലിൽ വന്നിരുന്നു. ഇതിൽ മോഹൻലാലിന്റെയും സുചിത്രയുടെയും പ്രണയത്തെപ്പറ്റിയും വിവാഹത്തെക്കുറിച്ചും വിവരിക്കുന്നുണ്ട്.
'ഞാൻ ആദ്യമായി ചേട്ടനെ കണ്ടത് തിരുവനന്തപുരത്ത് വച്ചാണ്. നിർമാതാവ് മുരുകൻ മാമയുടെ കുടുംബവുമായി ഞങ്ങൾക്ക് വളരെയധികം അടുപ്പമുണ്ട്. മുരുകൻ മാമയുടെ കല്യാണത്തിന് തിരുവനന്തപുരത്ത് പോയപ്പോഴാണ് ചേട്ടനെ കണ്ടത്. ഒരു മറൂൺ കളർ ഷർട്ടാണ് ചേട്ടൻ അന്ന് ധരിച്ചിരുന്നത്. ആദ്യമായി കണ്ട ചേട്ടന്റെ സിനിമ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' ആണ്. അപ്പോഴൊന്നും എനിക്ക് ചേട്ടനെ ഇഷ്ടമേ അല്ല.
പക്ഷേ ആ സിനിമ മുതൽ എത്ര മികച്ച ഒരു നടനാണ് അദ്ദേഹമെന്ന് മനസിലായി. ശേഷം വീട്ടിൽ ഒരു കോഡ് വേർഡ് വച്ചാണ് അദ്ദേഹത്തിന്റെ കാര്യങ്ങൾ സംസാരിച്ചിരുന്നത്. എസ്കെപി (സുന്ദര കുട്ടപ്പൻ) എന്നായിരുന്നു അത്. എന്റെ അമ്മയും അമ്മായിയും എനിക്ക് കല്യാണാലോചന നടത്തുന്ന സമയത്താണ് ഞാൻ അവരോട് മോഹൻലാലിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞത്. സുകുമാരി ആന്റി അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. സുകുമാരി ആന്റിയോട് പറഞ്ഞാൽ അതുവഴി അദ്ദേഹത്തോട് ചോദിക്കാൻ കഴിയുമെന്ന് ഞാൻ പറഞ്ഞു.
പിന്നെ നടന്ന ഒരു കൂടിക്കാഴ്ചയാണ് വിവാഹത്തിലെത്തിച്ചത്. പണ്ട് ഞാൻ അദ്ദേഹത്തിന് കാർഡുകൾ വാങ്ങി അയച്ചു കൊടുക്കാറുണ്ടായിരുന്നു. എന്റെ പേരൊന്നും വയ്ക്കില്ല. ഞാനാണ് കാർഡ് അയയ്ക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. പിന്നീട് ഇത് ഞാനാണ് അയയ്ക്കുന്നതെന്ന് അദ്ദേഹം കണ്ടുപിടിച്ചു. എങ്ങനെയെന്ന് അറിയില്ല. ഒരു ദിവസം മിനിമം അഞ്ച് കാർഡെങ്കിലും അയയ്ക്കുമായിരുന്നു',- സുചിത്ര പറഞ്ഞു.