സകല വഷളത്തരവും കൈയിലുണ്ടായിട്ടും ട്രംപിനെ വീണ്ടും തങ്ങൾക്ക് വേണമെന്ന് അമേരിക്കക്കാർ തീരുമാനിച്ചതിന് കാരണമുണ്ട്

Monday 11 November 2024 3:57 PM IST

മോസ്‌റ്റ് അൺ എക്‌സ്‌പെക്‌റ്റഡ് തിംഗ്സ് ഇൻ ദി സെഞ്ച്വറി എന്നാണ് ഡൊണാൾഡ് ട്രംപിന്റെ വിജയത്തെ ലോകത്തെ വലിയൊരു വിഭാഗം വിശേഷിപ്പിക്കുന്നത്. വിശ്വപ്രശസ്തരായ ഇലക്ഷൻ സ്ട്രാറ്റജിസ്‌റ്റുകൾ പോലും പ്രവചിച്ചത് ട്രംപ് തോൽക്കുമെന്നും കമല ഹാരിസ് യുഎസിന്റെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്നാണ്. എന്നാൽ എല്ലാ പ്രവചനങ്ങളേയും കാറ്റിൽ പറത്തികൊണ്ടായിരുന്നു ട്രംപിന്റെ വിജയം.

യു.എസ് പ്രസിഡന്റായിരിക്കെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വ്യക്തി അടുത്ത തവണ വിജയിച്ച് വീണ്ടും പ്രസിഡന്റായി എന്നതാണ് ട്രംപിന്റെ വിജയത്തിലെ ഏറ്റവും വലിയ പ്രത്യേകത. അതും 127 വർഷത്തിനുശേഷം. 1893ൽ ഗ്രോവർ ക്ലീവ്ലാൻഡ് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.1885 -1889 കാലഘട്ടത്തിലാണ് ക്ലീവ്ലാൻഡ് ആദ്യം പ്രസിഡന്റായത്. 1889ൽ തോറ്റു. 1893ൽ ജയിച്ച് വീണ്ടും പ്രസിഡന്റായി. ഇപ്പോഴിതാ ഡൊണാൾഡ് ട്രംപും.

ധാരാളം പ്രത്യേകതകളോടെയാണ് ട്രംപ് ഇത്തവണ മത്സരത്തിനിറങ്ങിയത്. ജയിക്കുകയാണെങ്കിൽ അമേരിക്കയിൽ അധികാരമേൽക്കുന്ന ഏറ്റവും പ്രായമുള്ള പ്രസിഡന്റായിരുന്നു ട്രംപ്, 78 വയസ്. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ‌്തു. 20 വർഷത്തിനിടെ ഇലക്ടറൽ വോട്ടും പോപ്പുലർവോട്ടും നേടി പ്രസിഡന്റാവുന്ന ആദ്യ റിപ്പബ്ലിക്കൻ, കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ആദ്യ പ്രസിഡന്റ്, നാല് ക്രിമിനൽ കേസുകൾ വേറെയും നിലനിൽക്കുന്നു, ബൈഡന്റെ വിജയം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം, രണ്ട് ഇംപീച്ച്മെന്റ് എന്നിങ്ങനെയൊക്കെയുണ്ടായിട്ടും ട്രംപ് വിജയത്തെ പുൽകി.

ട്രംപിന്റെ പ്രശ്നങ്ങൾ ഏറ്റവും നന്നായി അറിയാവുന്ന അമേരിക്കൻ ജനത കണ്ടത് രാഷ്‌ട്രം ഇന്ന് നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കൊണ്ടുവരാൻ ട്രംപിനല്ലാതെ മറ്റാർക്കും നിലവിൽ കഴിയില്ല എന്ന വസ്തുതയെയാണ്. ഈ ഘടകം തന്നെയാണ് അദ്ദേഹത്തെ ജയിപ്പിച്ചതും. ട്രംപ് വന്നാൽ മാറ്റം വരും എന്ന് അമേരിക്കൻ ജനത ഉറച്ച് വിശ്വസിച്ചു. അല്ലെങ്കിൽ അങ്ങനെ വിശ്വസിപ്പിക്കാൻ ട്രംപിന് കഴിഞ്ഞു.

അമേരിക്കയുടെ സാമ്പത്തികാവസ്ഥ മോശമല്ലെങ്കിൽ കൂടിയും ആളുകളുടെ ജീവിതച്ചെലവ് വലിയ തോതിൽ വർദ്ധിച്ചിരുന്നു. പണപ്പെരുപ്പം എങ്ങിനെ നിയന്ത്രിക്കാം എന്നത് സംബന്ധിച്ച് കമല ഹാരിസിന് ഉത്തരമില്ലായിരുന്നു. മറ്റൊന്ന് കുടിയേറ്റമായിരുന്നു. ചരിത്രം പരിശോധിച്ചാൽ കുടിയേറ്റത്തെ ഒട്ടും പ്രോത്സാഹിപ്പിക്കാത്തവരാണ് അമേരിക്കൻ ജനത. തൊഴിലിടവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ആവശ്യമായ വൈദഗ്‌ദ്ധ്യമുള്ളവരെ മാത്രം അംഗീകരിക്കുക എന്ന മാനസികാവസ്ഥയുള്ളവർ. ബൈഡന്റെ കാലത്ത് കുടിയേറ്റം ഗണ്യമായി വർദ്ധിച്ചത് അമേരിക്കൻ ജനതയെ അസ്വസ്ഥരാക്കി. ട്രംപിന്റെ ഭരണത്തിൽ സമ്പദ്‌ വ്യവസ്ഥ മെച്ചമായിരുന്നു. ഇലോൺ മസ്‌കിന്റെ പിന്തുണയും എക്സിലൂടെ പ്രചാരണവും ജനപ്രീതി വർദ്ധിപ്പിച്ചു. പാവങ്ങളുടെ ചാമ്പ്യനായി പ്രതിഷ്ഠിക്കാനുള്ള ശ്രമവും വിജയിച്ചു.

ചൈന ഭയക്കുന്ന ട്രംപ്

ട്രംപിന്റെ തിരിച്ചുവരവ് ഏറ്റവും കൂടുതൽ ഉത്ഖണ്ഡപ്പെടുത്തുന്നത് ചൈനയെയാണ്. എന്നും ചൈനാ വിരുദ്ധനാണ് ട്രംപ്. ലഡാക്ക് വിഷയത്തിലൊക്കെ വളരെ ശക്തമായാണ് ട്രംപ് ഇന്ത്യക്കൊപ്പം നിന്നത്. ചൈനയെ നിലക്കു നിറുത്തണമെങ്കിൽ ഇന്ത്യയുടെ സപ്പോർട്ട് കൂടിയേ തീരുവെന്ന് ട്രംപിന് നന്നായി അറിയാം. ഇന്ത്യ- യു.എസ് സമഗ്ര, ആഗോള, തന്ത്രപര പങ്കാളിത്തം ശക്തിപ്പെടുത്താൻ ട്രംപിന്റെ വിജയം ഉപകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചത്.

''തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിൽ സുഹൃത്ത് ഡൊണാൾഡ് ട്രംപിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. മുൻ ഭരണകാലത്തെ വിജയങ്ങളുടെ തുടർച്ചയായുള്ള മുന്നേറ്റം ഇന്ത്യ- യു.എസ് സമഗ്ര, ആഗോള, തന്ത്രപര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ജന ജീവിതം മെച്ചപ്പെടുത്താനും ആഗോള സമാധാനവും സ്ഥിരതയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കാനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം''- ഇതായിരുന്നു മോദിയുടെ അഭിനന്ദന കുറിപ്പ്.