''സുരേഷേട്ടാ എന്ന് വിളിച്ച് പിറകെ പോയാൽ കിട്ടും, കിട്ടുന്നത് വാങ്ങിച്ചുകൊള്ളുക''

Monday 11 November 2024 5:56 PM IST

തിരുവനന്തപുരം: സുരേഷ് ഗോപിയെ കുറിച്ച് ഇപ്പോൾ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും, തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ അഭിപ്രായത്തിൽ താൻ ഉറച്ചു നിൽക്കുകയാണെന്നും മന്ത്രി കെ.ബി ഗണേശ് കുമാർ. മാദ്ധ്യമ പ്രവർത്തകനെ സുരേഷ് ഗോപി വ്യക്തിപരമായി അധിക്ഷേപിച്ചത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഗണേശിന്റെ മറുപടി.

''ഇപ്പോൾ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാണ്. എന്റെ കൂടെ അഭിനയിച്ചിരുന്ന കാലത്ത് എനിക്കറിയാം, എന്റെ സുഹൃത്ത് കൂടിയാണ്. ഇപ്പോഴും വിരോധമൊന്നുമില്ല. പിന്നെയും സുരേഷേട്ടാ...സുരേഷേട്ടാ എന്ന് വിളിച്ച് പിറകെ പോയാൽ കിട്ടും. കിട്ടുന്നത് വാങ്ങിച്ചുകൊള്ളുക. മാറി നിൽക്കെന്നൊക്കെ പറഞ്ഞ്, എവിടെ പൊലീസ് എന്നൊക്കെ ചോദിച്ചിട്ട്...പിന്നെയും സുരേഷേട്ടാ എന്ന് വിളിച്ചോണ്ട് പോയാൽ, കിട്ടുന്നത് വാങ്ങിച്ചുകൊള്ളുക. എനിക്ക് അതിനകത്തൊന്നും പറയാനില്ല.

വഖഫിനെ കുറിച്ച് ആവശ്യമില്ലാത്ത അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത്. മതേതരത്വമാണ് നമ്മുടെ മുഖമുദ്ര. മതേതരത്വം നശിക്കാത്ത ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമാണ്. ദളിതരോടുള്ള ക്രൂരത ഇല്ലാ എന്ന് പറയാവുന്നതും കേരളത്തിലാണ്. എന്നാൽ വർഗീയത പറയുന്നത് ഫാഷനായി കേരളത്തിൽ മാറുകയാണ്. ഒരിക്കലും അത് ചെയ്യരുത്. സ്വയം ബെൽറ്റ് ബോംബ് വയ്‌ക്കുന്നതിന് തുല്യമാണ്. അത്തരം കുറ്റങ്ങൾ ചെയ്യുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം''. - ഗണേശ് പ്രതികരിച്ചു.

Advertisement
Advertisement