ലക്ഷ്യം ഗൾഫ് പ്രവാസികൾ, പ്രമുഖ നടിമാരുമായി ബന്ധം പുലർത്താൻ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്
Tuesday 12 November 2024 2:01 AM IST
കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടിമാരുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത് അനാശാസ്യത്തിന് അവസരം ഒരുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ എറണാകുളം എളമക്കര പ്ളേഗ്രൗണ്ട് റോഡ് ശ്യാംമോഹൻ (37) സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. രണ്ട് പ്രമുഖ നടിമാരുടെ പരാതിയിലാണ് നടപടി. ഡി.സി.പി കെ.എസ്. സുദർശൻ, സൈബർ എ.സി.പി എം.കെ. മുരളി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.
ഗൾഫിലുള്ള മലയാളി സോഷ്യൽമീഡിയ ഗ്രൂപ്പുകളിലാണ് നടിമാരെ നൽകാമെന്ന പരസ്യങ്ങൾ പോസ്റ്റുചെയ്തത്. സമാനമായ കേസിലെ ഒരു പ്രതിയെ കഴിഞ്ഞദിവസം പാലക്കാട് അട്ടപ്പാടിയിൽനിന്ന് സൈബർപൊലീസ് അറസ്റ്റുചെയ്തിരുന്നു.
എസ്.ഐ ശൈലേഷ്, എ.എസ്.ഐ ശ്യാം, ഡോളി, എസ്. ദീപ, സി.പി.ഒ അജിത്, ആൽഫിറ്റ് ആൻഡ്രൂസ്, ഷറഫുദ്ദീൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.