ഒളിമ്പിക് മാതൃക തുടരണം
എറണാകുളത്തെ പതിനെട്ടു വേദികളിൽ നടന്ന, ഒളിമ്പിക്സ് മാതൃകയിലുള്ള പ്രഥമ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊടിയിറങ്ങി. സമാപനച്ചടങ്ങിലെ അപ്രതീക്ഷിത പ്രതിഷേധം ഒഴിച്ചുനിറുത്തിയാൽ കേരള സ്കൂൾ കായികമേളയുടെ ചരിത്രത്തിലെ തന്നെ ഗംഭീരമായ സംഘാടനമായിരുന്നു ഇത്തവണത്തേത്. അത്‌ലറ്റിക്സിൽ മാത്രമൊതുങ്ങിയിരുന്ന മേളയിൽ മറ്റ് കായിക ഇനങ്ങൾക്കും ഇടംനൽകിയതും ഒന്നിച്ചൊരു ഉത്സവാന്തരീക്ഷത്തിൽ നടത്തിയതും സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെക്കൂടി ഈ ആഘോഷത്തിന്റെയും ആവേശത്തിന്റെയും മുൻനിരയിലെത്തിച്ചതും കൊച്ചി കായികമേളയെ ശ്രദ്ധേയമാക്കി. അക്വാട്ടിക്സ് ഉൾപ്പടെയുള്ള ഗെയിംസ് ഇനങ്ങളിൽ ആധിപത്യം പുലർത്തി തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാർക്കുള്ള പ്രഥമ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി സ്വന്തമാക്കി. തുടർച്ചയായ മൂന്നാം തവണയാണ് തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാരാകുന്നത്. 227 സ്വർണവും 150 വെള്ളിയും 164 വെങ്കലവും ഉൾപ്പെടെ 1935 പോയിന്റ് നേടിയാണ് തലസ്ഥാനത്തിന്റെ കുതിപ്പ്. 848 പോയിന്റ് നേടിയ തൃശൂരാണ് റണ്ണറപ്പ്. അത്ലറ്റിക്സിന്റെ പിൻബലത്തിൽ മലപ്പുറം 824 പോയിന്റുമായി മൂന്നാമതായി.
ഗ്ലാമർ ഇനമായ അത്ലറ്രിക്സിൽ പാലക്കാടിന്റെയും എറണാകുളത്തിന്റെയും കുത്തക അവസാനിപ്പിച്ച് ചരിത്രത്തിൽ ആദ്യമായി മലപ്പുറം ചാമ്പ്യന്മാരായി. ഐഡിയൽ ഇ.എച്ച്.എസ്.എസിന്റെയും നവാമുകുന്ദ എച്ച്.എസ്.എസ് തിരുനാവായയുടേയും മികവിലായിരുന്നു മലപ്പുറത്തിന്റെ മെഡൽ മലകയറ്റം. കഴിഞ്ഞ മൂന്നു തവണയും ജേതാക്കളായിരുന്ന പാലക്കാട് രണ്ടാം സ്ഥാനത്തായപ്പോൾ എറണാകുളം മൂന്നാം സ്ഥാനത്തായി.സ്കൂളുകളിൽ തുടർച്ചയായ മൂന്നാംതവണയും ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനക്കാരായി തിരുവനന്തപുരം ജി.വി രാജയെ പ്രഖ്യാപിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. അത്‌ലറ്റിക്സിൽ മുൻവർഷങ്ങളിലെപ്പോലെ സാധാരണ സ്കൂളുകളുടെയും സ്പോർട്സ് സ്കൂളുകളുടെയും പോയിന്റ് നില പ്രത്യേകമായാണ് മത്സരങ്ങളുടെ തുടക്കംമുതൽ വെബ്സൈറ്റിൽ നൽകിയിരുന്നത്. അതനുസരിച്ച് സമ്മാനദാനച്ചടങ്ങിൽ മികച്ച രണ്ടാം സ്ഥാനത്തിനുള്ള സമ്മാനം പ്രതീക്ഷിച്ചുനിന്ന സ്കൂളിന് പെട്ടെന്ന് അത് മറ്റൊരു സ്കൂളിനു നൽകിയപ്പോൾ പ്രതിഷേധമുണ്ടായി.
ഒളിമ്പിക് മാതൃകയിൽ കായിക മേള നടത്തുമ്പോൾ അത്‌ലറ്റിക്സിൽ മാത്രമായി സ്പോർട്സ് സ്കൂൾ എന്നോ ജനറൽ സ്കൂൾ എന്നോ വേർതിരിവ് വരുത്തുന്നത് ശരിയല്ലെന്ന വിശദീകരണമാണ് ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് നൽകിയത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സമ്മാനദാനച്ചടങ്ങുവരെ വിദ്യാഭ്യാസവകുപ്പിന് സമയം വേണ്ടിവന്നത് പിഴവു തന്നെയാണ്. വെബ്സൈറ്റിൽ പോയിന്റ് പട്ടിക നൽകുന്നതിൽ തുടക്കം മുതലേ ഈ നയം പാലിച്ചിരുന്നെങ്കിൽ പ്രതിഷേധം ഉയരില്ലായിരുന്നു. 39 കായിക ഇനങ്ങളിലായി 24000- ത്തിലധികം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഇത്രയധികം ദിവസങ്ങളിലായി രാജ്യത്തിനുതന്നെ മാതൃകയായി നടത്തിയ കായികമേള മറ്റ് വലിയ പരാതികളില്ലാതെ സംഘടിപ്പിച്ച വിദ്യാഭ്യാസ വകുപ്പും അദ്ധ്യാപക സംഘടനകളും കായിക താരങ്ങളും പരിശീലകരും കായികാദ്ധ്യാപകരും അഭിനന്ദനമർഹിക്കുന്നു.
ഏറ്റവും അധികം അഭിനന്ദിക്കേണ്ടത് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെയാണ്. ഒരാഴ്ചയിലേറെയായി എറണാകുളത്ത് ക്യാമ്പ് ചെയ്ത് മേളയുടെ നടത്തിപ്പിന് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. ഓരോ വേദിയിലും എത്താനും ചെറിയ പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കാനും മന്ത്രി മുൻകൈയെടുത്തു. ഒളിമ്പിക് മാതൃകയിലുള്ള കായിക മേള അടുത്ത വർഷവും തുടരാനാണ് താത്പര്യമെന്ന് സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി അറിയിച്ചത് കായിക കേരളത്തിന് ഉണർവ് പകരും. അടുത്തവർഷം തലസ്ഥാനഗരിയാണ് കായിക മേളയ്ക്ക് ആതിഥ്യം വഹിക്കുന്നത്. കൊച്ചിയിൽ റെക്കാഡുകൾ തിരുത്തിക്കുറിച്ച കെ.സി. സെർവാനും ട്രാക്കിൽ മിന്നൽപ്പിണറുകളായ മുഹമ്മദ് അഷ്ഫാഖും നിവേദ് കൃഷ്ണനും ആർ. ശ്രേയയും മുഹമ്മദ് അമീനും ജ്യോതികയുമൊക്കെ പ്രതീക്ഷയുടെ പൊൻമുകുളങ്ങളാണ്. ഈ താരങ്ങളെ രാജ്യാന്തര വേദികളിലേക്ക് എത്തിക്കുകയെന്നതാവണം നമ്മുടെ ലക്ഷ്യം.