ജോലിയുടെ ഇടവേളകളിൽ ലൈംഗിക ബന്ധത്തിന് പ്രോത്സാഹനം, വിവാഹദിവസം ഹോട്ടലിൽ കഴിയാൻ 23000 രൂപ സഹായം, സെക്സ് മന്ത്രാലയത്തിന്റെ കൂടുതൽ തീരുമാനങ്ങൾ പുറത്ത്

Tuesday 12 November 2024 8:51 PM IST

മോസ്കോ: രാജ്യത്ത് ജനന നിരക്ക് കുത്തനെ കുറയുന്നത് നേരിചാൻ ലൈംഗികബന്ധം പ്രോത്സാഹിക്കുന്നതിന് സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യൻ സർക്കാർ ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിദേശ മാദ്ധ്യമങ്ങൾ വെളിപ്പെടുത്തി.

ജോലിക്കിടയിലെ ഒഴിവുവേളകളിൽ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. യുക്രെയിനുമായുള്ള യുദ്ധത്തിൽ ധാരാളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് രാജ്യത്തെ ജനനനിരക്ക് കുറയാൻ കാരണമായി എന്നാണ് പുടിൻ പറഞ്ഞത്. രാത്രി 10 മുതൽ പുലർച്ചെ രണ്ടുവരെ ലൈറ്റുകൾ അണച്ചും ഉന്റർനെറ്റ് വിച്ഛേദിച്ചും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർദ്ധിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. വീട്ടമ്മമാർക്ക് ശമ്പളം നൽകുകയും അതവരുടെ പെൻഷനിലേക്ക് വകയിരുത്തുന്ന രീതിയിലുള്ള പദ്ധതികളും പരിഗണിക്കപ്പെടുന്നു.

പങ്കാളികളുടെ ആദ്യ ഡേറ്റിന് സാമ്പത്തിക സഹായമായി 5000 റൂബിൾ (4395 രുപ)​ നൽകുക. വിവാഹദിനം രാത്രി ഹോട്ടലിൽ താമസിക്കുന്നതിന് സർക്കാർ സഹായമായി 26300 റൂബിൾ (23122 രൂപ)​ നൽകുക തുടങ്ങിയവയും സർക്കാർ പരിഗണിക്കുന്നുണ്ട്. 18നും 23നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥിനികൾക്ക് കുട്ടികൾ ഉണ്ടായാൽ 900 യൂറോ (97282 രൂപ)​ ലഭിക്കും. ചായ. ഉച്ചഭക്ഷണ ഇടവേളകളിൽ പങ്കാളികൾ തമ്മിലുള്ള അടുപ്പം വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യണമെന്നും ആരോഗ്യകാര്യ മന്ത്രി യെവ്ഗനി ഷെസ്‌തോപാലവ് പറഞ്ഞു.