അബൂബക്കറിന്റെ ആരോഗ്യനില പരിശോധിക്കാൻ നിർദ്ദേശം
ന്യൂഡൽഹി: യു.എ.പി.എ കേസിൽ തീഹാർ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് മുൻ ചെയർമാനും കോഴിക്കോട് കൊടുവള്ളി സ്വദേശിയുമായ ഇ.അബൂബക്കറിന്റെ (70) ആരോഗ്യനില പരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. രണ്ടുദിവസത്തിനകം ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച് മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയനാക്കണം. ഇതിനായി ഡോക്‌ടർമാരുടെ പ്രത്യേക സംഘത്തെ എയിംസ് ഡയറക്‌ടർ നിയോഗിക്കണം. ഡോക്‌ടർമാരുടെ റിപ്പോർട്ട് മാത്രം പരിഗണിച്ചാകും ജാമ്യക്കാര്യത്തിൽ തീരുമാനമെന്ന് ജസ്റ്റിസുമാരായ എം.എം.സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. പിന്നീട് കോടതിയെ കുറ്റപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കില്ല. മെഡിക്കൽ പരിശോധനയുമായി അബൂബക്കർ സഹകരിക്കണമെന്ന്, മുൻപ് സ്‌കാനിംഗിന് അടക്കം സഹകരിച്ചില്ലെന്ന് ശ്രദ്ധയിൽപ്പെട്ട കോടതി നിർദ്ദേശിച്ചു. സഹകരിച്ചില്ലെന്നും, മോചനത്തിന്റെ ആവശ്യമില്ലെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞാൽ അക്കാര്യം തന്നെയാകും കണക്കിലെടുക്കുകയെന്നും വ്യക്തമാക്കി. ജാമ്യാപേക്ഷ 29ന് വീണ്ടും പരിഗണിക്കും.