ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയത് കൊക്കെയ്‌ൻ, ജാമ്യം റദ്ദാക്കും
കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശും സുഹൃത്ത് ഷിഹാസും താമസിച്ചിരുന്ന മുറിയിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ ശേഖരിച്ച തെളിവുകളിൽ കൊക്കെയ്ൻ സാന്നിദ്ധ്യം കണ്ടെത്തി. മുറിയിൽ എട്ട് ലിറ്റർ മദ്യം സൂക്ഷിച്ചതിന്റെ പേരിലായിരുന്നു അന്നത്തെ അറസ്റ്റ്. ഇനി എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് തുടരാനാണ് നിർദ്ദേശം. ഇരുവരുടെയും ജാമ്യം റദ്ദാക്കാനും നടപടിയുണ്ടാകും. ലഹരിപ്പാർട്ടി കേസിൽ കഴിഞ്ഞ മാസം ആദ്യമാണ് മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ഓംപ്രകാശിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. ഡി.ജെ പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു നടപടി.
ഓംപ്രകാശും കൊല്ലം കൊറ്റങ്കേരി തട്ടാക്കോണം ഷിഹാസും താമസിച്ചിരുന്ന, ബോബി ചലപതിയുടെ പേരിൽ ബുക്ക് ചെയ്ത മൂന്ന് മുറികളും പരിശോധിച്ചെങ്കിലും മയക്കുമരുന്ന് കണ്ടെത്താനായില്ല. എന്നാൽ, മയക്കുമരുന്നിന്റേതെന്ന് സംശയിക്കുന്ന സിപ്പ് ലോക്ക് കവറുകൾ ലഭിച്ചു. കവറുകളും ഇരുവരുടെയും രക്തസാമ്പിളുകളും ഫോണുകളും ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. മുറികളിൽ നടി പ്രയാഗ മാർട്ടിനും നടൻ ശ്രീനാഥ് ഭാസിയും ഉൾപ്പെടെ നിരവധിപേർ എത്തിയതായി കണ്ടതിനാൽ ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും കേസുമായി ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഡി.ജെ പാർട്ടി സംഘടിപ്പിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.