കാന്റർബറി ആർച്ച് ബിഷപ്പ് രാജിവച്ചു
ലണ്ടൻ: ആംഗ്ലിക്കൻ സഭാ തലവൻ കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വിൽബി രാജിവച്ചു. 1970-80 കാലത്ത് ക്രിസ്മസ് അവധിക്കാല ക്യാമ്പിൽ പങ്കെടുത്തിരുന്ന ആൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ നടപടി എടുത്തില്ല എന്ന ആരോപണത്തെത്തുടർന്നാണ് രാജി. അഭിഭാഷകനും ചാരിറ്റി ട്രസ്റ്റായ ഐവേണിന്റെ മുൻ ചെയർമാനുമായ ജോൺ സ്മിത്താണ് കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. ബ്രിട്ടൻ, സിംബാബ്‌വേ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായി 130ലേറെ കുട്ടികളാണ് പീഡനങ്ങൾക്ക് ഇരയായത്. ഇയാൾ കഴിഞ്ഞ വർഷം മരിച്ചു. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആംഗ്ലിക്കൽ സഭയ്ക്കുള്ളിലും വിൽബി രാജിവയ്ക്കണമെന്ന അഭിപ്രായം ഉയർന്നു. രാജിയാവശ്യപ്പെട്ട് സഭ സിനഡ് അംഗങ്ങൾ നിവേദനം നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജി.
എഴുപതുകളിലെ ക്യാമ്പിന് നേതൃത്വം നൽകിയത് ആർച്ച് ബിഷപ്പായിരുന്നു. പീഡനത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞിട്ടും സ്മിത്തിന് വിദേശത്തു പോകാൻ സഭ അനുമതി നൽകിയെന്നും തുടർന്ന് സിംബാബ്‌വേയിലും ദക്ഷിണാഫ്രിക്കയിലും പോയ സ്മിത്ത് അവിടെയും ബാലപീഡനം തുടർന്നുവെന്നും ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. പീഡനത്തെക്കുറിച്ച് 2013ൽ അറിഞ്ഞിട്ടും ആർച്ച് ബിഷപ് ഇക്കാര്യം ഔദ്യോഗികമായി അധികൃതരെ അറിയിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം പീഡനത്തെക്കുറിച്ച് അറിവില്ലായിരുന്നെന്നാണ് ആർച്ച് ബിഷപ്പ് വിശദീകരിച്ചത്.