ട്രംപിന്റെ കാബിനറ്റിൽ ഇലോൺ മസ്‌കിന് സുപ്രധാന ചുമതല; ഒപ്പം ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയും
വാഷിംഗ്‌ടൺ: നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്/ DOGE) തലപ്പത്തേക്ക് ഇലോൺ മസ്‌കിനെയും വിവേക് രാമസ്വാമിയെയും തിരഞ്ഞെടുത്ത് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മസ്‌കും വിവേകും ചേർന്ന് തന്റെ സർക്കാരിന്റെ ഉദ്യോഗസ്ഥൃതല പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങൾ ഒഴിവാക്കി അധികചെലവുകൾ നിയന്ത്രിക്കുമെന്നും ട്രംപ് പ്രസ്‌താവനയിലൂടെ വ്യക്തമാക്കിയിരുന്നു.
സർക്കാരിന്റെ കീഴിലുള്ള ഫെഡറൽ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃ ക്രമീകരിക്കാനും ഇരുവരും മുൻകയ്യെടുക്കും. സർക്കാരിലെ 'മാലിന്യങ്ങളെയും' തട്ടിപ്പുകളെയും വെളിച്ചത്ത് കൊണ്ടുവരുമെന്നും അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയർത്താൻ ( മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിൻ ) മസ്‌കിനും വിവേകിനും കഴിയുമെന്നും ട്രംപ് പറഞ്ഞു.
ഡോജിന്റെ ഓരോ പ്രവർത്തനവും ഓൺലൈനിൽ ലഭ്യമാക്കി സുതാര്യത ഉറപ്പുവരുത്തുമെന്നും ഡോജ് എന്തെങ്കിലും പ്രത്യേകമായി ചെയ്യേണ്ടതുണ്ടെന്ന് ജനങ്ങൾക്ക് തോന്നിയാൽ അറിയിക്കണമെന്നും ഇലോൺ മസ്‌ക് എക്‌സിൽ പ്രതികരിച്ചു. കാബിനറ്റിലേക്ക് എത്തുന്ന കാര്യം വിവേക് രാമസ്വാമിയും എക്‌സിലൂടെ ശരിവച്ചു.
ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് വേണ്ടി സജീവമായി പ്രചാരണ രംഗത്ത് മസ്‌കുണ്ടായിരുന്നു. 38കാരനായ വിവേക് രാമസ്വാമി തുടക്കത്തിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് ട്രംപിന് വേണ്ടി മാറുകയും പ്രചാരണ രംഗത്ത് ശക്തമായ സാന്നിദ്ധ്യമാവുകയും ചെയ്‌തിരുന്നു. വിവേക് തന്റെ കാബിനറ്റിലുണ്ടാകുമെന്ന സൂചന ട്രംപ് നേരത്തേ നൽകിയിരുന്നു.