''തിയേറ്ററിൽ കൈയടിച്ച് തകർക്കുമായിരുന്ന രംഗം ഒഴിവാക്കി, മമ്മൂട്ടി കാരണം മോഹൻലാൽ എന്ന മഹാനടനെ എനിക്ക് നഷ്‌ടപ്പെട്ടു''

Wednesday 13 November 2024 12:40 PM IST

ഗീതം എന്ന ചിത്രത്തിലൂടെ മോഹൻലാൽ എന്ന നടനെ തനിക്ക് നഷ്‌ടമായ കാര്യം പറയുകയാണ് സംവിധായകൻ സാജൻ. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി എസ്.എൻ സ്വാമിയുടെ തിരക്കഥയിലാണ് ഗീതം ഒരുക്കിയത്. ഗീത, ശ്രീവിദ്യ, തിലകൻ, ഇന്നസെന്റ്, മാള അരവിന്ദൻ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളായിരുന്നു. ഇതിനിടെയാണ് മോഹൻലാൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാൽ കൊള്ളാമെന്ന് സംവിധായകന് തോന്നിയത്. കുറച്ച് സീനേ ഉള്ളുവെങ്കിൽ ലാൽ ചെയ‌്താൽ തനിക്കും അത് ഗുണം ചെയ്യുമെന്ന് മമ്മൂട്ടിക്കും തോന്നി. തുടർന്ന് മോഹൻലാലിനെ സമീപിക്കുകയും, അദ്ദേഹം വരാമെന്ന് സമ്മതിക്കുകയും ചെയ‌്തു.

സെഞ്ച്വറി കൊച്ചുമോൻ വഴിയാണ് മോഹൻലാലിനെ ഗീതത്തിലേക്ക് എത്തിച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. കോട്ടയത്ത് മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗിലുള്ള ലാൽ ദിവസവും രാവിലെയാണ് കൊച്ചിയിൽ എത്തി ഗീതത്തിൽ അഭിനയിച്ചത്. അങ്ങിനെയിരിക്കെ ചിത്രത്തിലെ മോഹൻലാലിന്റെ ഒരു പ്രധാനപ്പെട്ട സീൻ ഒഴിവാക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു. ദേഷ്യത്തിൽ മമ്മൂട്ടി മദ്യക്കുപ്പി വലിച്ചെറിയുമ്പോൾ ലാൽ തിരിഞ്ഞുനിന്ന് ഇറ്റ് ഈസ് ടൂ ബാഡ് എന്ന് പറയുന്നതായിരുന്നു സീൻ. അങ്ങിനെ വന്നു കഴിഞ്ഞാൽ താൻ അഭിനയിച്ചത് നിഷ്‌പ്രഭമായി പോകും എന്നായിരുന്നു മമ്മൂട്ടിയുടെ അഭിപ്രായം. അത് ഒഴിവാക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചു. വേറെ വഴിയില്ലാതെ എനിക്ക് ആ രംഗം കട്ട് ചെയ്യേണ്ടി വന്നു.

ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് ലാൽ ഡബ്ബിംഗിനെത്തി. അണ്ണാ ആ ഷോട്ട് എവിടെ എന്ന് ലാൽ ചോദിച്ചു. ഞാൻ ആകെ പരുങ്ങി പോയി. ആ സീൻ മാറ്റേണ്ടി വന്നു ലാൽ എന്ന് സ്വാമി പറഞ്ഞു. എല്ലാം മനസിലായ ലാൽ സ്വതസിദ്ധമായ രീതിയിൽ ഓക്കെ,ഓക്കെ ഗുഡ് എന്ന് മാത്രം പറഞ്ഞു. പിന്നീട് ഡബ്ബ് കഴിഞ്ഞതിന് ശേഷം ഇനിയെന്തെങ്കിലും ബാക്കിയുണ്ടോ എന്ന് ചോദിച്ചു. ഇനിയൊന്നുമില്ലെന്ന് ഞാൻ മറുപടി നൽകി. പോകാൻ നേരം അദ്ദേഹം ഒന്നുകൂടി പറഞ്ഞു, നമ്മൾ തമ്മിൽ ഇനിയൊരു കൂടിച്ചേർച്ച ഉണ്ടാകില്ല.

ലാലിന് വിഷമുണ്ടായി എന്ന് എനിക്ക് മനസിലായിരുന്നു. അതിനേക്കാളും വിഷമമായിരുന്നു എനിക്ക്. മമ്മൂട്ടിയെ വെറുപ്പിച്ചുകൊണ്ട് പടം മുന്നോട്ടു കൊണ്ടുപോകാൻ പറ്റുമായിരുന്നില്ല. മമ്മൂട്ടി ആയിരുന്നല്ലോ ഹീറോ.

പിന്നീട് പലപ്പോഴും ഒരു സിനിമയ‌്ക്കായി ആന്റണി പെരുമ്പാവൂർ വഴി ലാലിനെ സമീപിച്ചെങ്കിലും സിനിമ ചെയ്യാൻ പറ്റില്ലാ എന്ന് അദ്ദേഹം പറഞ്ഞില്ല. പക്ഷേ, ഒഴിഞ്ഞു മാറിയിരുന്നു. ആ വലിയ നടനെ എനിക്ക് നഷ്‌ടപ്പെടുകയായിരുന്നു. സിനിമയിൽ സഹകരിച്ചില്ലെങ്കിൽ നിരവധി സ്വകാര്യ പരിപാടികൾക്ക് ക്ഷണം സ്വീകരിച്ച് അദ്ദേഹം എത്തിയിരുന്നു. സൗഹൃദത്തിന് നഷ്‌ടമുണ്ടായില്ല.