അനന്യയുടെ വീടിന് ചിത്രങ്ങളുടെ മേൽവിലാസം
വലിയ കാൻവാസിൽ അത്ഭുതം തീർത്ത കുഞ്ഞു ചിത്രകാരിയെ പ്രശംസിച്ച് നാട്
കണ്ണൂർ:തളിപ്പറമ്പ് പുഴക്കുളങ്ങര ജനകീയ വായനശാലക്ക് സമീപത്തെത്തി അനന്യ പ്രകാശിന്റെ വീട് ചോദിച്ചാൽ നിറയെ ചിത്രങ്ങൾ നിറഞ്ഞ മതിലിന് നേരെ ചൂണ്ടിക്കാണിക്കും നാട്ടുകാർ. ഒഴിഞ്ഞുകിട്ടുന്ന സമയം മുഴുവൻ ചിത്രം വരയ്ക്ക് നീക്കിവെക്കുന്ന ഈ പ്ളസ് ടു വിദ്യാർത്ഥിനി വീടിന്റെ മതിലിൽ വരച്ച മനോഹരചിത്രങ്ങൾ ആരും നോക്കിനിന്നുപോകും.ശാസ്ത്രീയ ചിത്രകലയുടെ ബാലപാഠം പോലും അഭ്യസിച്ചിട്ടില്ലാത്ത ഈ പെൺകുട്ടി ആധൂനിക സങ്കേതങ്ങളിൽ വരച്ച ചിത്രങ്ങൾ ഇതിനകം വലിയ പ്രശംസ നേടിക്കഴിഞ്ഞു.
മെറ്റ എ.ഐയുടെ സഹായത്തോടെയാണ് ഈ കൗമാരക്കാരി പുത്തൻ സങ്കേതങ്ങളെ പകർത്തി വരക്കുന്നത്. വീടിനോട് ചേർന്നുള്ള മതിലിൽ വരച്ചുതീർത്ത അതിമനോഹര ചിത്രങ്ങളാണ് അനന്യയുടെ കഴിവിനെ പുറംലോകത്ത് എത്തിച്ചിരിക്കുന്നത്. കുഞ്ഞുപ്രായം തൊട്ടെ വരയോട് വല്ലാത്ത അഭിനിവേശം കാണിക്കുന്ന ഈ പെൺകുട്ടി വീടിന്റെ ചുമരുകളിലും കടലാസുകളിലുമായിരുന്നു ആദ്യമൊക്കെ വരച്ചിരുന്നത്. എന്നാൽ വലിയ കാൻവാസിൽ ചിത്രം വരക്കാനുള്ള താൽപര്യം വെള്ള പൂശിയ വീടിന്റെ മതിലിൽ എത്തിച്ചു. പ്രോത്സാഹനവുമായി അച്ഛൻ പ്രകാശനും അമ്മ സനിജയും സഹോദരി ആതിരയും അവൾക്ക് കൂട്ടിരുന്നു. പഠനസമയം ഒഴിച്ച് രാവിലെ ആറ് മുതൽ 8 മണി വരെയും വൈകുന്നേരം ആറുമണി മുതൽ 11 മണി വരെയും ഇടവേളകളില്ലാതെയായിരുന്നു ഈ ചിത്രത്തിനായി അനന്യ നീക്കിയത്. അഞ്ച് ദിവസങ്ങൾ കൊണ്ട് മതിലിൽ ചിത്രങ്ങൾ പൂർത്തിയായി. ചുവപ്പും മഞ്ഞയും പച്ചയും നീലയും തുടങ്ങി കടുംനിറത്തിലുള്ള ആക്രലിക്ക് പെയിന്റുകൾ കൊണ്ട് വരച്ച രൂപങ്ങളിൽ കണ്ണുകളുടക്കാതെ ഒരാൾക്കും ഇതുവഴി പോകാനാകില്ല. അത്ഭുതത്തോടെ ആളുകൾ അനന്യയുടെ ചിത്രങ്ങളെ നോക്കിനിൽക്കുന്ന കാഴ്ചയും ഇവിടെ കാണാം.
ചിത്രങ്ങൾ ചർച്ചയായതോടെ അഭിനന്ദനങ്ങളും അനുമോദനങ്ങളും അനന്യയെ തേടി എത്തുന്നുണ്ട്. സ്‌കൂളുകളിലും മറ്റും ചിത്രങ്ങൾ വരക്കാനായി പലരും സമീപിക്കുന്നുമുണ്ട്. ചിത്രരചനയ്ക്കൊപ്പം നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഈ പെൺകുട്ടി. മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിലാണ് അനന്യ പഠിക്കുന്നത്.