തൊഴിലില്ലാത്ത യുവതീയുവാക്കളെ ആകർഷിച്ച് ലക്ഷങ്ങൾ അടിച്ചെടുത്തു, സ്വാമി തപസ്യാനന്ദ അറസ്റ്റിൽ

Thursday 14 November 2024 1:21 AM IST

തിരുവനന്തപുരം: വ്യാജ സഹകരണ സംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ സ്വാമി തപസ്യാനന്ദ അറസ്റ്റിൽ.2023ൽ വെള്ളറട പൊലീസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം നടത്തിയ കേസിലെ 2ാം പ്രതിയാണ് സ്വാമി.

വെള്ളറടയിൽ യാതൊരു അംഗീകാരവുമില്ലാതെ പ്രവർത്തിച്ചിരുന്ന ബയോ ടെക്‌നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിലാണ് ഇയാൾ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത്.തൊഴിൽരഹിതരായ യുവതീ യുവാക്കളെ തന്റെ അത്മീയമുഖം ഉപയോഗിച്ച് ആകർഷിച്ചും സ്വാധീനിച്ചുമാണ് സ്വാമിയും കൂട്ടാളികളും തട്ടിപ്പ് നടത്തിയത്. ജില്ലയിലെ വിവിധസ്ഥലങ്ങളിലുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ഇവർ തട്ടിയെടുത്തത്.

ഒന്നാം പ്രതിയായ വെള്ളറട സ്വദേശി അഭിലാഷ് ബാലകൃഷ്ണനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കടയ്ക്കാവൂർ സ്വദേശിയായ യുവാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.

കുറ്റകൃത്യത്തിനുശേഷം മലയിൻകീഴ്,പൂജപ്പുര,വയനാട്ടിലെ വെള്ളമുണ്ട,കർണാടകയിലെ മാനസ ഗംഗോത്രി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സ്വാമിയെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റേന്വേഷണ വിഭാഗത്തിലെ റേഞ്ച് പൊലീസ് സൂപ്രണ്ട് ജെ.കിഷോർകുമാറിന്റെ നിർദ്ദേശപ്രകാരം യൂണിറ്റ് ഡിവൈ.എസ്.പി രമേശ് കുമാറിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ രാജ്കുമാർ,സബ് ഇൻസ്‌പെക്ടർ മണിക്കുട്ടൻ,സീനിയർ സി.പി.ഒ നിജിത്ത്,സി.പി.ഒ അനുജിത്ത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.പ്രതിക്ക് മധുര,എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ സാമ്പത്തിക തട്ടിപ്പുകേസുകളുള്ളതായി വിവരം ലഭിച്ചതായും വിശദമായ അന്വേഷണം നടക്കുകയാണെന്നും അന്വേഷണസംഘം അറിയിച്ചു.