എക്‌സ് ഉപേക്ഷിച്ച് ഗാർഡിയൻ
Thursday 14 November 2024 7:36 AM IST
ലണ്ടൻ : സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ നിന്ന് പിൻവാങ്ങി ബ്രിട്ടീഷ് മാദ്ധ്യമമായ ദ ഗാർഡിയൻ. തങ്ങളുടെ വാർത്തകൾ ഇനി എക്‌സിൽ പോസ്റ്റ് ചെയ്യില്ലെന്ന് ഗാർഡിയൻ അറിയിച്ചു. തീവ്ര വലതുപക്ഷ ഗൂഢാലോചന സിദ്ധാന്തങ്ങളും വംശീയതയും അടങ്ങുന്ന അസ്വസ്ഥത ഉളവാക്കുന്ന ഉള്ളടക്കങ്ങൾ എക്‌സിൽ പ്രചരിക്കുന്നെന്ന് കാട്ടിയാണ് തീരുമാനം.
എക്‌സിൽ നിന്നുള്ള പിന്മാറ്റം ഏറെക്കാലമായി പരിഗണനയിലുണ്ടായിരുന്നു. യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ തങ്ങളുടെ നിഗമനങ്ങളെ അടിവരയിടുന്നതാണ്. എക്സ് വിഷലിപ്തമാണ്. ഉടമ ഇലോൺ മസ്‌ക് തന്റെ രാഷ്ട്രീയ ഇടപെടലുകൾ രൂപപ്പെടുത്താൻ എക്സിനെ ഉപയോഗിക്കുകയാണെന്നും ഗാർഡിയൻ പ്രസ്താവനയിൽ അറിയിച്ചു. അതേ സമയം, ഗാർഡിയന്റെ പിന്മാറ്റത്തോട് 'അപ്രസക്തം" എന്ന എക്സ് പോസ്റ്റിലൂടെയാണ് മസ്‌ക് പ്രതികരിച്ചത്.