ഇയ്യപ്പനോ അതോ അയ്യപ്പനോ? തന്റെ പേരിലെ സംശയങ്ങൾക്ക് മറുപടിയുമായി സാനിയ

Thursday 14 November 2024 11:27 AM IST

നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാനിയ അയ്യപ്പൻ. ക്വീൻ, ലൂസിഫർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിക്കൊണ്ടിരിക്കുന്ന താരം സമൂഹ മാദ്ധ്യമങ്ങളിലും സജീവമാണ്. യാത്രകളെ ഒരുപാട് ഇഷ്‌ടപ്പെടുന്ന സാനിയ അതേക്കുറിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ധാരാളമായി പങ്കുവയ്‌ക്കാറുണ്ട്.

സാനിയയുടെ പേരിനെക്കുറിച്ച് പലപ്പോഴും സംശയങ്ങൾ വരാറുണ്ട്. വാർത്തകളിൽ പോലും സാനിയ അയ്യപ്പൻ എന്നും സാനിയ ഇയ്യപ്പൻ എന്നും പലരും എഴുതാറുണ്ട്. ഇപ്പോഴിതാ ഇതിൽ സാനിയ തന്നെ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ്. തന്റെ പേര് സാനിയ അയ്യപ്പൻ ആണ്, ഇയ്യപ്പൻ അല്ല എന്നുമാണ് താരം ഒരു മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

'സാനിയ അയ്യപ്പൻ എന്നാണ് എന്റെ പേര്. അയ്യപ്പൻ എന്റെ അച്ഛന്റെ പേരാണ്. അതാണ് ഞാൻ പേരിനൊപ്പം ചേർത്തിരിക്കുന്നത്. ആളുകൾ ഇയ്യപ്പൻ എന്ന് ഉപയോഗിക്കുന്നത് ഞാനും ശ്രദ്ധിക്കാറുണ്ട്. എന്റെ പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങളാണ് അവരെ സംശയത്തിലാക്കുന്നത് എന്ന് തോന്നുന്നു' - സാനിയ അയ്യപ്പൻ പറഞ്ഞു. സാനിയയുടെ പേര് ഇംഗ്ലീഷിൽ എഴുതുമ്പോൾ അയ്യപ്പൻ എന്ന പേര് തുടങ്ങുന്നത് 'ഐ' എന്ന അക്ഷരത്തിലാണ്. അതാണ് പലപ്പോഴും സംശയത്തിന് കാരണമാകുന്നത്.