കുട്ടനാട് സിപിഎമ്മിൽ വീണ്ടും വിഭാഗീയത, 19 പ്രവർത്തകർ സിപിഐയിൽ ചേർന്നു

Thursday 14 November 2024 11:34 AM IST

ആലപ്പുഴ: കുട്ടനാട്ടിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും സിപിഎം- സിപിഐ പോരിന് കളമൊരുങ്ങുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റും എസ്എഫ്‌ഐ മുൻ ഏരിയ സെക്രട്ടറിയുമടക്കം 19 സിപിഎം പ്രവർത്തകർ പാർട്ടി വിട്ട് സിപിഐയിൽ ചേർന്നു. ഇന്ന് സിപിഎം ഏരിയാ സമ്മേളനം തുടങ്ങാനിരിക്കെയാണ് പാർട്ടിക്ക് ഇരുട്ടടി നൽകികൊണ്ട് പ്രവർത്തകരുടെ സിപിഐയിലേക്കുള്ള മാറ്റം.

വെളിയനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഓമന പൊന്നപ്പൻ, എസ് എഫ് ഐ മുൻ ഏരിയ സെക്രട്ടറി മനു മോഹൻ എടത്വ ലോക്കൽ കമ്മിറ്റി മുൻ അംഗം എ.ജെ. കുഞ്ഞുമോൻ, തലവടി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പ്രസാദ് എന്നിവർ അടക്കം 19 പേരാണ് സിപിഎം വിട്ടത്. രാമങ്കരിയിൽ നടന്ന പൊതുയോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. നേരത്തെ അപേക്ഷ നൽകിയവരെയാണ് സ്വീകരിച്ചതെന്ന് സിപിഐ നേതൃത്വം പ്രതികരിച്ചു.

വിഭാഗീയതയെ തുടർന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും നേരത്തെ സിപിഎമ്മിൽ നിന്ന് സിപിഐയിലേക്ക് ചേർന്നിരുന്നു. ഏറ്റവുമൊടുവിൽ സ്വന്തം പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കാൻ രാമങ്കരിയിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ പോലും സി പി എം പിന്തുണച്ചിരുന്നു. ഇതൊക്കെയാണ് പ്രവർത്തകരെ മാറ്റി ചിന്തിപ്പിച്ചതെന്നാണ് വിവരം.

എന്നാൽ സിപിഐയിൽ ചേർന്നവർ പാർട്ടി അംഗങ്ങൾ അല്ലെന്ന് സിപിഎം ഏരിയാ നേതൃത്വം പ്രതികരിച്ചു. പാർട്ടി വിട്ടെന്ന് പറയുന്ന പലർക്കും ഇപ്പോൾ സിപിഎമ്മുമായി ബന്ധമൊന്നുമില്ലെന്ന് ഏരിയ നേതൃത്വം അറിയിച്ചു.