സത്യൻ അന്തിക്കാട് ചിത്രത്തിൽ താടി വടിച്ച മോഹൻലാൽ
താടിവടിച്ച 'പഴയ മോഹൻലാലിനെ" സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിൽ കാണാം. ഒൻപതുവർഷത്തിനുശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ചിത്രത്തിനുവേണ്ടിയാണ് മോഹൻലാൽ താടി വടിക്കുന്നത്.സമീപകാല ചിത്രങ്ങളിലെല്ലാം താടിയുള്ള മോഹൻലാൽ കഥാപാത്രമാണ്.എമ്പുരാൻ പൂർത്തിയായശേഷം മോഹൻലാൽ താടിവടിക്കാനാണ് ഒരുങ്ങുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിൽ 15 ദിവസത്തെ ചിത്രീകരണത്തോടെ മോഹൻലാലിന്റെ രംഗങ്ങൾ പൂർത്തിയാകും. മോഹൻലാൽ പങ്കെടുക്കുന്ന രംഗങ്ങൾ പാലക്കാടാണ് ചിത്രീകരിക്കുക. രണ്ടുദിവസം കൊച്ചിയിലും ചിത്രീകരണം ഉണ്ടാകും. ഇതോടെ എമ്പുരാന്റെ ചിത്രീകരണം പൂർത്തിയാകും. അതേസമയം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ അഭിനയിക്കാൻ മോഹൻലാൽ ശ്രീലങ്കയിൽ എത്തി. മുപ്പത് ദിവസത്തെ ഡേറ്റാണ് മോഹൻലാൽ നൽകിയിട്ടുള്ളത്. മഹേഷ് നാരായണന്റെ ചിത്രം പൂർത്തിയായശേഷം സത്യൻ അന്തിക്കാട് ചിത്രത്തിന്റെ പൂനെയിലെ ലൊക്കേഷനിൽ മോഹൻലാൽ ജോയിൻ ചെയ്യും. ഒൻപതുവർഷത്തിനുശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ചിത്രത്തിൽ ഐശ്വര്യലക്ഷ്മിയാണ് നായിക. എന്നും എപ്പോഴും എന്ന ചിത്രത്തിനുവേണ്ടിയാണ് മോഹൻലാലും സത്യൻ അന്തിക്കാടും അവസാനം ഒരുമിച്ചത്. ഈ ചിത്രത്തിലും മോഹൻലാൽ കഥാപാത്രത്തിന് താടിയില്ലായിരുന്നു. സംഗീത, സംഗീത് പ്രതാപ് എന്നിവരാണ് ഹൃദയപൂർവത്തിലെ മറ്റു താരങ്ങൾ. സത്യൻ അന്തിക്കാടിന്റെ കഥയ്ക്ക് നവാഗതനായ സോനു ടി.പി തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ഛായാഗ്രഹണം അനു മൂത്തേടത്ത്. സംഗീതം ജസ്റ്റിൻ പ്രഭാകരൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.