'കങ്കുവയുടെ ആദ്യ 15 മിനിട്ട് ഞാൻ പേടിച്ചുപോയി'; റിവ്യൂ പറഞ്ഞ് നടൻ ബാലയും ഭാര്യയും

Thursday 14 November 2024 9:50 PM IST

സിനിമ ആരാധകർ കാത്തിരുന്ന തമിഴ് ചിത്രമാണ് സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത കങ്കുവ. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ ഇത് ബഹുഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാണ് തിയേറ്ററുകളിൽ എത്തിയത്. എന്നാൽ ആദ്യദിനം സമ്മിശ്ര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. 350 കോടിയാണ് കങ്കുവയുടെ ബഡ്‌ജറ്റ്. രണ്ടു ഭാഗങ്ങളായിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ബോളിവുഡ് താരം ബോബി ഡിയോൾ ആണ് പ്രതിനായകൻ. യോഗി ബാബു, പ്രകാശ് രാജ്, കെ.എസ്. രവികുമാർ, ജഗപതി ബാബു, ഹരീഷ് ഉത്തമൻ, നടരാജൻ സുബ്രഹ്മണ്യം, ആനന്ദ് രാജ്, റെഡിൻ കിങ് സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് താരങ്ങൾ. വെട്രി പളനി സാമി ഛായാഗ്രഹണം നിർവഹിക്കുന്നു. ദേവശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം.

ഇപ്പോഴിതാ കങ്കുവ കണ്ടതിന് ശേഷമുള്ള നടൻ ബാലയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഒരു യുട്യൂബ് ചാനലിനോടാണ് ബാല കങ്കുവയെക്കുറിച്ചുള്ള അഭിപ്രായം പറയുന്നത്. ബാലയുടെ ഭാര്യ കോകിലയും നടനൊപ്പം ഉണ്ടായിരുന്നു. തമിഴ്നാട്ടിൽ കങ്കുവ വലിയ ഹിറ്റെണെന്ന് ബാല പറഞ്ഞു. സിനിമ തനിക്ക് ഇഷ്ടമായെന്ന് ഭാര്യ കോകിലയും പറയുന്നുണ്ട്.

'കങ്കുവ സിനിമ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. തുടക്കത്തിന്റെ ആദ്യത്തെ 15 മിനിട്ട് ഞാൻ പേടിച്ചുപോയി. ഒരു ഉഷാർ ഇല്ലാത്ത പോലെ ഉണ്ടായിരുന്നു. പിന്നെ ഇടവേള കഴിഞ്ഞ് ഭയങ്കര ഇഷ്ടമായി. പണ്ടത്തെ കാര്യം പറഞ്ഞപ്പോഴാണ് എനിക്ക് മനസിലായത്. രണ്ടാം ഭാഗത്തിൽ ഒരു സീനിൽ ഞാൻ അറിയാതെ കെെയടിച്ചുപോയി. തമിഴ്നാട്ടിൽ വളരെ ഹിറ്റാണ് ചിത്രമെന്നാണ് റിപ്പോർട്ട്. കേരളത്തിൽ ചിലയിടത്ത് മലയാളികൾക്ക് പണ്ടത്തെ തമിഴ് മനസിലാവാതെയുണ്ട്. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. സിനിമയെക്കുറിച്ച് അഭിപ്രായം പറയാം. സിനിമയെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണ്. അത് അവർക്ക് പറയാം',- ബാല വ്യക്തമാക്കി.