മോദിക്ക് ഡൊമനിക്കയുടെ പരമോന്നത പുരസ്‌കാരം

Friday 15 November 2024 4:40 AM IST

ന്യൂഡൽഹി: കരീബിയൻ രാഷ്ട്രമായ ഡൊമനിക്കയുടെ പരമോന്നത സിവിലിയൻ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. കൊവിഡ് കാലത്ത് രാജ്യത്തിന് നൽകിയ സഹായങ്ങളും ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വളർത്താൻ നടത്തിയ ശ്രമങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം. 19 മുതൽ 21 വരെ ഗയാനയിലെ ജോർജ്ജ് ടൗണിൽ നടക്കുന്ന ഇന്ത്യാ-കാരിക്കോം ഉച്ചകോടിക്കിടെ ഡൊമനിക്കൻ പ്രസിഡന്റ് സിൽവാനി ബർട്ടൻ പുരസ്‌കാരം നൽകും. 2021 ഫെബ്രുവരിയിൽ ഡൊമനിക്കയ്‌ക്ക് 70,000 ഡോസ് ആസ്ട്രാ സെനക്കാ കൊവിഡ് വാക്‌സിൻ ഇന്ത്യ നൽകിയിരുന്നു. ആരോഗ്യ, വിദ്യാഭ്യാസ, ഐ.ടി മേഖലകളിലും കാലാവസ്ഥാ സൗഹൃദ നടപടികളിലും മോദി സർക്കാരിന്റെ സഹായം ലഭിച്ചുവെന്ന് ഡൊമനിക്കൻ സർക്കാർ അറിയിച്ചു.