മണിപ്പൂരിലെ ആറ് പൊലീസ് സ്റ്റേഷൻ പരിധികളിൽ വീണ്ടും അഫ്സ്‌പ
ഇംഫാൽ: വ്യാപക അക് സാഹചര്യം കണക്കിലെടുത്ത് മണിപ്പൂരിലെ ആറ് പൊലീസ് സ്റ്റേഷൻ പരിധികളിൽ വീണ്ടും അഫ്‌സ്‌പ (പ്രത്യേക സായുധാധികാര നിയമം) ഏർപ്പെടുത്തി കേന്ദ്രം. ഇംഫാൽ വെസ്റ്റ് ജില്ലയിലെ സെക്മായി, ലംസാംഗ്, ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ലാംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്‌പോക്പിയിലെ ലെയ്മഖോങ്, ബിഷ്ണുപൂരിലെ മൊയ്റാംഗ് എന്നിവയാണ് സ്‌റ്റേഷൻ പരിധികൾ. ഒക്‌ടോബർ ഒന്നിന് മണിപ്പൂർ സർക്കാർ 19 സ്‌റ്റേഷൻ പരിധികൾ ഒഴികെ സംസ്ഥാനത്തുടനീളം അഫ്‌സ്‌പ ഏർപ്പെടുത്തിയിരുന്നു. കലാപം തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച സുരക്ഷാ സേനയുമായുള്ള ശക്തമായ ഏറ്റുമുട്ടലിൽ 11 തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പിന്നാലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആറ് സാധാരണക്കാരെ അതേ ജില്ലയിൽനിന്ന് സായുധരായ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി.