'വയനാട് ദുരന്തത്തിൽ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നു'; ഇത് വയനാട് ജനതയോടുള്ള കടുത്ത അനീതിയെന്ന് ചെന്നിത്തല

Friday 15 November 2024 5:50 PM IST

തിരുവനന്തപുരം: നാടിനെ നടുക്കിയ വയനാട് ദുരന്തത്തിൽ തരം താണ രാഷ്ട്രീയം കളിക്കുകയാണ് കേന്ദ്രസർക്കാർ എന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വയനാട്ടിലെ ജനതയോടു ചെയ്യുന്ന കടുത്ത അനീതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ഞൂറോളം പേർ മരിച്ച ദുരന്തം പ്രധാനമന്ത്രി നേരിട്ടു വന്നു കണ്ടതാണ്. ഈ ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും ഒക്കെ പണം അനുവദിക്കേണ്ടതാണ്. അല്ലാതെ ദുരന്ത നിവാരണത്തിന് എല്ലാ സംസ്ഥാനങ്ങൾക്കും ലഭിക്കുന്ന പണത്തിന്റെ ഒരംശം തന്നിട്ട് അതുകൊണ്ട് തൃപ്തിപ്പെടാൻ പറഞ്ഞാൽ തീരുന്നതല്ല വയനാടിന്റെ പ്രശ്നം. കേന്ദ്രസർക്കാർ ഈ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം. വയനാടിന്റെ പുനർനിർമാണത്തിനു വേണ്ടി പ്രത്യേക തുകയും സ്‌പെഷ്യൽ പാക്കേജും അനുവദിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി

ദുരന്തത്തിൽ പെട്ടവരെ സഹായിക്കുക എന്നത് മനുഷ്യത്വപരമായ കാര്യമാണ്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അതനുസരിച്ച് പ്രത്യേക പാക്കേജുകൾ അനുവദിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്.

കേന്ദ്രത്തിൽ നിന്ന് വേണ്ട സഹായം ലഭിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു വീഴ്ചയുണ്ടോ എന്നറിയില്ല. വേണ്ട രേഖകൾ സംസ്ഥാന സർക്കാർ സമർപ്പിച്ചിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. വയനാടിന് സഹായം നിഷേധിച്ച കേന്ദ്രസർക്കാർ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു ചെന്നിത്തല പറഞ്ഞു.