സയൻസിന്റെ വെടിക്കെട്ടായി കേരള സയൻസ് സ്ലാം 2024

Sunday 17 November 2024 3:31 AM IST

തിരുവനന്തപുരം: ഒന്നിനോടൊന്ന് കിടപിടിക്കുന്ന സയൻസ് അവതരണങ്ങളുടെ വെടിക്കെട്ടായി പ്രേക്ഷകരെ വിസ്മയിപ്പിച്ച് 'കേരള സയൻസ് സ്ലാം 2024'.ഗവ.വിമൻസ് കോളേജിൽ നടന്ന ദക്ഷിണമേഖലാ സയൻസ് സ്ലാമിൽ മത്സരിച്ച 24 പേരിൽനിന്ന് മികച്ച അവതരണം നടത്തിയ അഞ്ചുപേരെ ഡിസംബർ 14നു പാലക്കാട് ഐ.ഐ.ടിയിൽ നടക്കുന്ന ഫൈനൽ സ്ലാമിലേക്ക് തിരഞ്ഞെടുത്തു.

കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ ബയോകെമിസ്ട്രി വകുപ്പിലെ ഫാത്തിമ റുമൈസ,ഗവ.വനിതാ കോളേജിലെ രസതന്ത്ര വിദ്യാർത്ഥി എം.ഗൗരി,ആക്കുളത്തെ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ ഗവേഷകൻ ആർ.ശ്രീലേഷ്,വെറ്ററിനറി സർവകലാശാലയിലെ കോളേജ് ഒഫ് ഡെയറി സയൻസ് ആൻഡ് ടെക്‌നോളജിയിലെ ആർ.രജീഷ്,ചെങ്ങന്നൂർ കെ.എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ കെ.വൈശാഖ്, കോഴിക്കോട് എൻ.ഐ.ടിയിലെ ഡിപ്പാർട്‌മെന്റ് ഒഫ് സിവിൽ എൻജിനിയറിംഗിലെ സി.അല്ലിൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

സമാപനച്ചടങ്ങിൽ മുഖ്യാതിഥിയായ കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറിയും കണ്ണൂർ സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറുമായ പ്രൊഫ.എ.സാബു വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ജെ.എസ്.അനില സ്ലാം ഉദ്ഘാടനം ചെയ്തു.ജൂറി അംഗങ്ങളായ കെ.കെ.കൃഷ്ണകുമാർ,ഡോ.വി.രാമൻകുട്ടി,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ചിലെ പ്രൊഫസർ ഡോ.കാന സുരേശൻ,പാലക്കാട് ഐ.ഐ.ടിയിലെ ഡോ.ദീപക് രാജേന്ദ്രപ്രസാദ്,കേരള സർവകലാശാലയിലെ ഡോ.ടി.എസ്.പ്രീത,ലൂക്ക എഡിറ്റർ റിസ്വാൻ,പരിഷത്ത് സംസ്ഥാന നിർവാഹകസമിതിയംഗം അരുൺ രവി എന്നിവർ പങ്കെടുത്തു.