സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു
Sunday 17 November 2024 3:47 PM IST
മംഗളൂരു: മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു. മെെസൂർ സ്വദേശികളായ എം ഡി നിഷിത (21), എസ് പാർവതി (20), എൻ കീർത്തന (21) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. നീന്തൽ കുളത്തിലിറങ്ങിയപ്പോൾ യുവതികൾ അപകടത്തിൽപെടുകയായിരുന്നു.
ഇന്നലെ രാവിലെയാണ് മൂവരും മുറിയെടുത്തത്. നീന്തൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനികളിൽ ഒരാൾ ആദ്യം അപകടത്തിൽപെട്ടു. വിദ്യാർത്ഥിനിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മറ്റുരണ്ടു പേരും മരിച്ചത്. നീന്തൽക്കുളത്തിന്റെ ഒരു വശം ആറടി താഴ്ചയുള്ളതായിരുന്നു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.