കിണഞ്ഞ് ശ്രമിച്ചിട്ടും മേശയുടെ പൂട്ട് തുറക്കാനായില്ല, ഒടുവിൽ അരിശം തീർത്തത് മുന്തിരി തിന്ന്

Monday 18 November 2024 10:20 AM IST

മലപ്പുറം: മോഷ്ടിക്കാനായി കടയിൽ കയറി പണമൊന്നും കിട്ടാതെ വന്ന കളളൻ അരിശം തീർക്കാനായി ചെയ്ത പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. വണ്ടൂർ അങ്ങാടിയിലെ ആത്താസ് ബേക്കറിക്ക് മുന്നിലെ പഴക്കടയിൽ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുളളത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മോഷ്ടാവ് റോഡരികിലെ കടയിൽ കയറിയത്.

പണം സൂക്ഷിച്ചിരുന്ന മേശയുടെ പൂട്ട് പൊളിക്കാൻ ശ്രമിച്ചിട്ട് നടന്നില്ല. പരമാവധി ശ്രമിച്ചിട്ടും വിജയിച്ചില്ല. സമയമേറെ കഴിഞ്ഞിട്ടും മോഷണം നടക്കാതെ വന്നതോടെ കളളൻ കടയിലുണ്ടായിരുന്ന മുന്തിരിയും കഴിച്ച് സ്ഥലം വിടുകയായിരുന്നു. അടുത്തിടെയായി വണ്ടൂർ മേഖലയിൽ മോഷണങ്ങൾ പതിവാണ്. നേരത്തെ മഞ്ചേരി റോഡിലെ കെഎകെ. സ്റ്റീൽസ് ആൻഡ് സിമന്റ് കടയിലും മറ്റ് രണ്ടു കടകളിലും മോഷണം നടന്നിരുന്നു. കെഎകെ സ്റ്റീൽസിൽ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാവ് 52,000 രൂപയാണ് കവർന്ന് കടന്നത്.