മണിപ്പൂരിൽ 7പേർ കൂടി കൊല്ലപ്പെട്ടു: പ്രതികാരാഗ്നിയിൽ കൊന്നുതള്ളുന്നു, കേന്ദ്രസേനയ്ക്കും നിയന്ത്രിക്കാനാവുന്നില്ല
ഇംഫാൽ: അക്രമം വ്യാപിക്കുന്ന മണിപ്പൂരിൽ ഏഴു പേർ കൂടി കൊല്ലപ്പെട്ടു. ജിരിബാം ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഇന്നലെ വെളുപ്പിന് യുവാവ് വെടിയേറ്റ് മരിച്ചു. വിവിധ സ്ഥലങ്ങളിൽ ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു. ചാക്കിൽ കെട്ടി തള്ളിയ നിലയിൽ യുവതിയുടെയും പെൺകുട്ടിയുടെയും നഗ്ന ശരീരം അസാം അതിർത്തിയിലെ ബരാക് നദിയിൽ കണ്ടെത്തി. ഇംഫാൽ ജില്ലയിൽ ഉൾപ്പെടെ കർഫ്യൂ തുടരുകയാണ്. ഏഴുജില്ലകളിൽ ഇന്റർനെറ്റ് നിരോധനം രണ്ടുദിവസത്തേക്കുകൂടി നീട്ടി.
കഴിഞ്ഞയാഴ്ച കുക്കി വിഭാഗക്കരായ 11 യുവാക്കൾ കൊല്ലപ്പെട്ടതോടെയാണ് അക്രമങ്ങൾ ആളിപ്പടർന്നത്. ശനിയാഴ്ച മെയ്തി അഭയാർത്ഥിക്യാമ്പ് ആക്രമിച്ച് സ്ത്രീകളും കുട്ടികളുമടക്കം ആറുപേരെ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ശനിയും ഞായറുമായി മന്ത്രിമാരുടേതും എം.എൽ.എമാരുടേതുമായി 13 വീടുകളാണ് ജനക്കൂട്ടം അഗ്നിക്കിരയാക്കിയത്. മുഖ്യമന്ത്രി ബീരേൻ സിംഗിന്റെയും മരുമകന്റെയും വസതികൾക്ക് തീയിടാനും ശ്രമമുണ്ടായി.
24 മണിക്കൂറിനകം കുക്കി സായുധ ക്യാമ്പുകൾ തകർക്കണമെന്നാണ് മെയ്തി സംഘടനകളുടെ ഏകോപനസമിതി ഞായറാഴ്ച സർക്കാരിനു നൽകിയ അന്ത്യശാസനം. കുക്കികൾ തിരിച്ചും ആവശ്യപ്പെട്ടിരിക്കയാണ്. മുഖ്യമന്ത്രി ബീരേൻസിംഗ് ഇന്നലെ എൻ.ഡി.എ മുന്നണിയോഗം വിളിച്ച് സ്ഥിതിഗതി ചർച്ച ചെയ്തു.
50 കമ്പനി സേനകൂടി
മണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്രസേനയെ കൂടി അയയ്ക്കും. 6000 പേരാണ് അധികമായി സംഘർഷബാധിത മേഖലകളിലെത്തുന്നത്.നിലവിൽ 218 കമ്പനി കേന്ദ്രസേന സംസ്ഥാനത്തുണ്ട്. ഇതിനു പുറമെയാണ് 50 കമ്പനി കൂടിയെത്തുന്നത്.
സുരക്ഷാ സാഹചര്യം വിലയിരുത്താൻ ഇന്നലെ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് നിർദ്ദേശം നൽകിയത്. കേന്ദ്രമന്ത്രിതല സംഘം മണിപ്പൂർ സന്ദർശിക്കാൻ സാദ്ധ്യതയുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ രാത്രിയോടെ ഇംഫാലിലെത്തി.
സമാധാനം പുനഃസ്ഥാപിക്കാനും, അക്രമങ്ങളെ അടിച്ചമർത്താനും കടുത്ത നടപടികൾക്കാണ് യോഗം തീരുമാനമെടുത്തത്.
ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഐ.ബി ഡയറക്‌ടർ, കേന്ദ്ര - മണിപ്പൂർ സർക്കാരുകളുടെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ബി.ജെ.പിയിൽ കൂട്ടരാജി
കലാപം അമർച്ച ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് ജിരിബാമിൽ എട്ടു നേതാക്കൾ രാജിവച്ചത് ബീരേൻ സിംഗിന് തിരിച്ചടിയായി. ജില്ലാ പ്രസിഡന്റ് കെ. ജാദു സിംഗ് ഉൾപ്പെടെയാണ് പാർട്ടി വിട്ടത്. സർക്കാരിനുള്ള പിന്തുണ 7 എം.എൽ.എമാരുള്ള നാഷനൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു.
23:
ഈ മാസം മാത്രം
കൊല്ലപ്പെട്ടവർ
225:
കലാപം രൂക്ഷമായ
2023 മേയ് മാസത്തിനു
ശേഷമുള്ള കൊലപാതകം