എ ആർ റഹ്മാനും ഭാര്യയും വേർപിരിഞ്ഞു,​ വിവാഹ മോചനം 30 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ

Tuesday 19 November 2024 10:41 PM IST

മുംബയ് : ഓസ്കാർ ജേതാവും പ്രശസ്ത സംഗീത സംവിധായകനുമായ എ.ആ‍ർ. റഹ്മാനും ഭാര്യ സൈറയും വിവാഹ മോചിതരായി. ഏകദേശം 30 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. 1995ലായിരുന്നു എ.ആർ. റഹ്മാനും സൈറയും വിവാഹിതരായത്. വിവാഹമോചനത്തെ കുറിച്ച് സൈറ തന്നെയാണ് തുറന്നുപറഞ്ഞത്. സൈറയുടെ അഭിഭാഷക വന്ദന ഷാ വിവാഹ മോചനം സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം സൈറ തന്റെ ഭർത്താവ് എ.ആർ. റഹ്മാനിൽ നിന്ന് വേർപിരിയാനുള്ള തീരുമാനമെടുത്തിരിക്കുന്നു. ബന്ധം തുടർന്നുപോകുന്നതിലെ വൈകാരിക സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പരസ്പരം അഗാധമായ സ്നേഹം ഉണ്ടായിരുന്നിട്ടും പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങൾക്കിടയിൽ പരിഹരിക്കാനാകാത്ത വിടവ് സൃഷ്ടിച്ചതായി ഇരുവരും തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിൽ ആരാലും പ്രശ്നപരിഹാരത്തിന് സാദ്ധ്യമല്ല. വേദനയും നിരാശയും കൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും സാറ വ്യക്തമാക്കി. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് സൈറയുടെ സ്വകാര്യത മാനിക്കണം എന്നും വന്ദന ഷാ പ്രസ്താവനയിൽ അറിയിച്ചു. റഹ്മാൻ- സൈറ ദമ്പതികൾക്ക് ഖത്തീജ,​ റഹീമ,​ അമീൻ എന്നിങ്ങന്നെ മൂന്നു മക്കളാണ് ഉള്ളത്.