കളഞ്ഞുപോയ തൂവാല

Thursday 21 November 2024 3:52 AM IST

വത്സല ഇല്ലാതിരുന്ന കഴിഞ്ഞ ഒരു വർഷം ജീവിതം സംഭവരഹിതമായിരുന്നു,​ എനിക്ക്. മനസ് തീരെ ദുർബലമായിരുന്നു. വേദന വന്നു പൊതിയുമ്പോൾ വത്സല എഴുതിയതൊക്കെ എടുത്ത് വായിക്കും. എത്രയോ തവണ ആവർത്തിച്ചു വായിച്ചതാണെങ്കിലും ഓരോ വായനയിലും പറഞ്ഞറിയിക്കാൻ പറ്റാത്ത ആനന്ദം. ഞങ്ങളിരുവരും അനുഭവിച്ച കാര്യങ്ങളാണ് എഴുത്തിലെല്ലാം. ആ രചനകളിൽ എനിക്കിപ്പോൾ അദ്ഭുതം തോന്നുന്നു. ഈ ഭാഗ്യം എനിക്കു മാത്രം കിട്ടിയതാണല്ലോ! വത്സല എഴുതുന്നതെല്ലാം ആദ്യം എനിക്കാണ് വായിക്കാൻ തരാറ്. വലിയ മാറ്റങ്ങളൊന്നും ഒരിക്കലും പറയേണ്ടിവന്നിട്ടില്ല. അത്രമേൽ കൃത്യമായിരുന്നു ഓരോ വാചകവും; ഹൃദയത്തിൽ നിന്നുള്ള തെളിനീരൊഴുക്കു പോലെ കുളിർമയുള്ളതും!

1944- ൽ ഞാൻ കോഴിക്കോട് നടക്കാവ് ഗേൾസ് സ്കൂളിലേക്ക് സ്ഥലംമാറി വരുമ്പോൾ വത്സല അവിടെ അദ്ധ്യാപികയായിരുന്നു. അങ്ങനെ പരിചയപ്പെട്ടു. ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞത് വത്സലയാണ്. വിവാഹത്തിനു ശേഷം താൻ സ്വതന്ത്രയായെന്ന് വത്സല ഇടയ്ക്കിടെ പറയുമായിരുന്നു. ഇരുപതിലധികം നോവലും മുന്നൂറ്റി അമ്പതിലേറെ കഥകളും എഴുതി. പിന്നെ,​ മറ്റു രചനകളും. സ്കൂൾ ജോലിയും വീട്ടുജോലികളുമെല്ലാം ഭംഗിയായി നോക്കുന്ന പ്രകൃതം. ഇതൊക്കെ പരാതിക്ക് ഇടയില്ലാതെ നോക്കിയിട്ടാണ് വത്സല എഴുതാനിരിക്കുന്നത്. ചിലപ്പോൾ അപ്പോഴേക്കും പുല‌ർച്ചയൊക്കെ ആയിരിക്കും.

നല്ല പാചക്കാരിയുമായിരുന്നു. ഒരു സദ്യയ്ക്ക് വേണ്ടുന്നതെല്ലാം നന്നായി ഉണ്ടാക്കാനറിയാം. പുറത്തു നിന്ന് ഭക്ഷണം വാങ്ങുന്ന ശീലമൊന്നുമില്ല. മിക്കപ്പോഴും പറയും; ഹോട്ടലിൽ നിന്ന് വാങ്ങുന്നതിലൊന്നും നല്ല എണ്ണയല്ല ഉപയോഗിക്കുന്നതെന്ന്. അതുകൊണ്ട് നെയ്യ് ചേർത്താണ് വത്സല ഭക്ഷണം ഉണ്ടാക്കാറ്. അടുക്കളയുമായി ഒരു നല്ല ബന്ധം വത്സല കാത്തുസൂക്ഷിച്ചിട്ടുണ്ട്! ആ പരിചയത്തിൽ നിന്ന് എഴുതിയതാണ് 'ഗ്രീഷ്മത്തിലെ ഉറുമ്പുകൾ" എന്ന കഥ. ചെറുപ്പത്തിൽ സ്കൂളിൽ പോകാൻ ഭയങ്കര മടിയായിരുന്നത്രേ. കുഞ്ഞായിൻ ഹാജി തേങ്ങയെടുക്കാൻ പോകുമ്പോൾ വത്സല വീടിന്റെ പഠിക്കലിരുന്ന് കരയുന്നതു കണ്ടിട്ടുണ്ടെന്ന് ഹാജി എന്നോടു പറഞ്ഞിട്ടുണ്ട്.

അക്കാലത്ത് സ്കൂളിലെ തുന്നൽ,​ ഡ്രോയിംഗ് പീരിയഡുകളൊന്നും കുട്ടികൾ തീരെ ശ്രദ്ധിക്കാറില്ല. പരീക്ഷാ വിഷയമല്ലല്ലോ. വത്സലയ്ക്ക് ഇതു രണ്ടും ഇഷ്ടമായിരുന്നു. നന്നായി തുന്നും. എംബ്ളോയ്ഡറിയിൽ നല്ല കഴിവ്. ഒരിക്കലും പുറത്തു കൊടുത്ത് ബ്ളൗസ് തുന്നിച്ചിട്ടില്ല. അവരുടെ കട്ടിംഗ് എനിക്കു ശരിയാവില്ലെന്നാണ് വത്സല പറയാറ്. എനിക്ക് ഒരു തൂവാല തുന്നിത്തന്നിരുന്നു. നാലു ഭാഗവും മനോഹമായ എംബ്രോയ്ഡറിയും നടുക്ക് ഒരു റോസാപ്പൂവും! അത് എങ്ങനെയോ കളഞ്ഞുപോയി. സൂക്ഷിച്ചു വയ്ക്കേണ്ടതായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. 'എന്റെ തയ്യൽയന്ത്രം" എന്നൊരു ഒരു കഥ വത്സല എഴുതിയിട്ടുണ്ട്. തയ്യൽക്കാരന്റെ കേടായ ഹൃദയവും തകരാറിലായ തയ്യൽ മെഷീനും! മനോഹരമായിരുന്നു ആ കഥ.

കുട്ടിക്കാലത്ത് ചിത്രരചനയിലും വലിയ താത്പര്യമായിരുന്നു. മീനാക്ഷി ടീച്ചറാണ് ചിത്രം വരയ്ക്കാൻ വത്സലയെ പഠിപ്പിച്ചത്. മീനാക്ഷി ടീച്ചറുടെ അച്ഛൻ തലശ്ശേരി സെന്റ് ജോസഫ്സ് സ്കൂളിൽ ഡ്രോയിംഗ് മാഷായിരുന്നു. ആ കഴിവ് ടീച്ചർക്കും കിട്ടി. അക്കാലത്ത് ടീച്ചർമാരെ കല്യാണം കഴിക്കാൻ എന്തുകൊണ്ടോ,​ പലരും മടിച്ചിരുന്നു. മീനാക്ഷി ടീച്ചറെ കല്യാണം കഴിക്കാൻ ആരും വന്നില്ല. ഇവരെക്കുറിച്ച് മൂന്നു കഥകൾ വത്സല എഴുതിയിട്ടുണ്ട്. അതിലൊന്നാണ്,​ 'കാലാൾ കാവലാൾ." ഞാൻ ആദ്യമൊക്കെ നന്നായി വായിക്കുമായിരുന്നു. കുറച്ചു കഥകൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പ്രസിദ്ധപ്പെടുത്തി. വത്സല എഴുത്തിലേക്കു കടന്നതോടെ ഞാൻ എഴുത്തു നിർത്തി.

വത്സല എഴുതിയതെല്ലാം ജീവിതത്തിൽ നിന്ന് എടുത്തതാണ്. ഒന്നും കൃത്രിമമല്ല. ഒപ്പം യാത്ര ചെയ്യുമ്പോൾ ആ ഭാഷയെക്കുറിച്ച് ആളുകൾ പറയുന്നത് അഭിമാനത്തോടെ കേട്ടുനിന്നിട്ടുണ്ട്. ഒരിക്കൽ പാലക്കാട് പോയപ്പോൾ 'പാളയം" എന്ന നോവൽ വായിച്ച ഒരു മാഷ് ചോദിച്ചു,​ ടീച്ചർ അവിടെ ജോലി ചെയ്തിരുന്നോ എന്ന്. എന്താണെന്നു ചോദിച്ചപ്പോൾ,​ ഇവിടെയുളള കാര്യങ്ങളാണെല്ലോ അതിൽ എഴുതിയിരിക്കുന്നത് എന്നായിരുന്നു മറുപടി. ഞാൻ എല്ലാറ്റിനും സാക്ഷി. വയസ് 95 ആകുന്നു. വത്സല മലയാളത്തിനും എനിക്കുമായി തന്നു പോയ ജീവൻ തുടിക്കുന്ന ധാരാളം കൃതികളുണ്ട്. വത്സല ഒപ്പമുണ്ടെന്ന തോന്നൽ തരുന്നത് അതാണ്.

(പ്രദീപ് മാനന്തവാടിയോട് പറഞ്ഞത്)