തന്ത്രപരമായ നീക്കം നടത്തി അൻമോൽ ബിഷ്‌ണോയി, ഇന്ത്യയ്ക്ക് കൈമാറാനുള്ള സാദ്ധ്യത അടയുന്നു?

Thursday 21 November 2024 4:51 PM IST

വാഷിംഗ്‌ടൺ: ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനും നിരവധി കേസുകളില്‍ പ്രതിയുമായ അന്‍മോൽ ബിഷ്‌ണോയി യുഎസിൽ അഭയം തേടാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞദിവസം അൻമോൽ യുഎസിലെ കാലിഫോര്‍ണിയയില്‍ അറസ്റ്റിലായിരുന്നു. ഇയാളെ അയോവയിലെ പോട്ടവട്ടാമി കണ്ടി ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.

അൻമോലിനെ ഇന്ത്യയിലെത്തിക്കാൻ മുംബയ് പൊലീസ് നീക്കങ്ങൾ ആരംഭിച്ചിരിക്കെയാണ് യുഎസിൽ അഭയം തേടാൻ അഭിഭാഷകൻ വഴി അപേക്ഷ സമർപ്പിച്ചത്. യുഎസ് ജയിൽ വെബ്‌സൈറ്റിൽ ഇയാളുടെ വിശദാംശങ്ങളുണ്ട്. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും രേഖകളില്ലാത്ത കുടിയേറ്റവും കൈകാര്യം ചെയ്യുന്ന ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അൻമോലുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതായി വെബ്‌സൈറ്റിൽ പറയുന്നു. അനധികൃതമായി രാജ്യത്തേയ്ക്ക് പ്രവേശിച്ചതിനാണ് അറസ്റ്റ് എന്നാണ് വിവരം.

അറസ്റ്റിന് മുൻപ് ഡിപ്പാർട്ട്‌മെന്റ് ഒഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ വിഭാഗമായ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വഴി അൻമോൽ യുഎസിൽ അഭയം തേടുന്നതിനായി അപേക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിനായുള്ള നടപടികൾ ആരംഭിച്ചതിനാൽ അൻമോലിനെ ഉടൻ ഇന്ത്യയിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ കൈമാറാൻ സാദ്ധ്യതയില്ല. ഇത്തരം കേസുകളിൽ ജാമ്യം അനുവദിക്കുന്നതാണ് യുഎസ് നിയമം. ഇത് മുന്നിൽക്കണ്ടാണ് ഇന്ത്യയുടെ നീക്കം.

ബാബാ സിദ്ദിഖി വധത്തിനായി അന്‍മോൽ ബിഷ്ണോയ് ഗൂഢാലോചന നടത്തിയെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകം, ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനു നേരെയുള്ള വെടിവയ്പ് എന്നിവയിലെല്ലാം അന്‍മോലിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. ലോറന്‍സ് ബിഷ്‌ണോയിയുടെ അറസ്റ്റിനു പിന്നാലെ ഗുണ്ടാസംഘത്തെ നിയന്ത്രിച്ചിരുന്ന അന്‍മോൽ, കഴിഞ്ഞ വര്‍ഷമാണ് കാനഡയിലേക്ക് കടന്നത്.

2022ല്‍ പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ അധികൃതര്‍ അന്വേഷിക്കുന്ന വ്യക്തിയാണ് അന്‍മോൽ. കൂടാതെ, ബാബ സിദ്ദിഖി വധം, നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്തുണ്ടായ വെടിവെപ്പിലും ഇയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. ഈ മാസം ആദ്യംതന്നെ ഇയാളെ യു.എസില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം മുംബയ് ക്രൈംബ്രാഞ്ച് ആരംഭിച്ചിരുന്നു. മഹാരാഷ്ട്രയിലെ പ്രത്യേക കോടതി ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

എന്‍.ഐ.എ.യുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് അന്‍മോൽ. ദേശീയ അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ ഇയാള്‍ പ്രതിയാണ്. അന്‍മോല്‍ ബിഷ്‌ണോയിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെ പറ്റി സൂചന നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികവും എന്‍.ഐ.എ പ്രഖ്യാപിച്ചിരുന്നു.