ആത്മകഥ വിവാദത്തിൽ വിശദമായ അന്വേഷണം, ഇ പി ജയരാജന്റെ മൊഴിയെടുത്ത് പൊലീസ്
Thursday 21 November 2024 10:28 PM IST
കണ്ണൂർ : ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ,പി, ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിൽ വച്ചാണ് മൊഴിയെടുത്തത്. ആത്മകഥയിൽ തെറ്റായ കാര്യങ്ങൾ ഉൾപ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെ ജയരാജൻ പ്രസാധകരായ ഡി.സി ബുക്സിനെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു. ഡി.സി ബുക്സുമായി ജയരാജൻ കരാറിലേർപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കും.
ഡി.സി ബുക്സ് ഉടമ രവി ഡി.സിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. പുസ്തകത്തിന്റെ പി.ഡി.എഫ് ചോർന്നതിലടക്കം പൊലീസ് അന്വേഷണമുണ്ടാകും. പി.ഡി.എഫ് ചോർന്നതിൽ ഗൂഢാലോചന ഉണ്ടെന്നാണ് ഇ.പിയുടെ ആരോപണം. ഇക്കാര്യത്തിൽ മാദ്ധ്യമ പ്രവർത്തകരിൽ നിന്നടക്കം വിവരങ്ങൾ പൊലീസ് ശേഖരിക്കും.