നാല് ഭാഷകളിൽ എട്ട് പുസ്തകം: ബംഗാൾ ഗവർണറുടെ രചനകൾ ഗോവ ഗവർണറും മുഖ്യമന്ത്രിയും പ്രകാശനം ചെയ്തു

Saturday 23 November 2024 5:35 PM IST

ഗോവ: പശ്ചിമ ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ് വിവിധ ഭാഷകളിൽ എഴുതിയ എട്ട് പുസ്തകങ്ങൾ ഗോവ ഗവർണർപി എസ് ശ്രീധരൻ പിള്ളയും മുഖ്യമന്ത്രി പ്രമോദ് സാവന്തും ഗോവ രാജ്ഭവനിൽ പ്രകാശനം ചെയ്തു. കാഴ്ചകൾ ഉൾക്കാഴ്ചകൾ (മലയാളം), ചെക്കോവ് ആൻഡ് ഹിസ് ബോയ്സ് (ഇംഗ്ലീഷ്, ഹിന്ദി) വാക് ദി ടാക്ക് വിത്ത് മിത്ത് ആൻഡ് സയൻസ് (ഇംഗ്ലീഷ്), ഭക്തി ജുക്തിർ ജുഗൽബന്ദി (ബംഗാളി), സൈലെൻസ് സൗണ്ടസ് ഗുഡ് (ഇംഗ്ലീഷ്), മൗനോതർ വാണി (ബംഗാളി), മൂൽ സേ ഫൂൽ ടാക്ക് (ഹിന്ദി) എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.

വാക്കുകളിലൂടെ വിസ്മയം സൃഷ്ടിക്കുന്ന സർഗ്ഗാത്മക മായാജാലമാണ് സിവി ആനന്ദബോസിന്റെ സാഹിത്യസൃഷ്ടികളെന്ന് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സർഗ്ഗവൈഭവം കൂട്ടിയിണക്കുന്ന അത്യപൂർവ മലയാള കൃതിയാണ് ചെക്കോവും ചെക്കന്മാരും എന്ന ചെറുകഥാസമാഹാരം. ഇംഗ്ലീഷ്, ഹിന്ദി ബംഗാളി ഉൾപ്പെടെയുള്ള ഭാഷകളിലേക്ക് ആ കഥകൾ വിവർത്തനം ചെയ്യപ്പെട്ടത് അതിനു കിട്ടിയ സാർവത്രിക അംഗീകാരത്തിനുദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുരാണം, ശാസ്ത്രം, ഭൗതികവാദം, ആത്മീയത തുടങ്ങി പ്രത്യക്ഷത്തിൽ സമാനതകളില്ലാത്ത, വിപരീതങ്ങളുടെ സർഗാത്മകമായ അനുരഞ്ജനമാണ് ആനന്ദബോസ് കൃതികളുടെ മുഖ്യ സവിശേഷത ഗവർണർ ശ്രീധരൻപിള്ള പറഞ്ഞു. അദ്ദേഹത്തിന്റെ അനുഗൃഹീത തൂലികയിൽ നിന്ന് ഇനിയും ഇത്തരം സൃഷ്ടികൾ ഉണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അവതാരികയിൽ പറയുന്നതുപോലെ സൂര്യനു കീഴിലുള്ള എല്ലാം ഈ പുസ്തകത്തിലുണ്ട്, അല്ല, സൂര്യനുമുണ്ട്.

വായനക്കാരെ ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും മുന്നോട്ടുനയിക്കുകയും ചെയ്യുന്ന ഒരു സവിശേഷ വായനാനുഭവമാണ് ആനന്ദബോസിന്റെ പുസ്തകങ്ങൾ നൽകുന്നതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിപ്രായപ്പെട്ടു. ഗോവ ഗവർണറും മുഖ്യമന്ത്രിയും ഡോ. ആനന്ദബോസിനെ ആദരിച്ചു.

'ജി 3 സാഗർ ബന്ധൻ' ദൗത്യത്തിന്റെ ഭാഗമായി ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ദേശീയ നിരീക്ഷകനായി ഗവർണർ ആനന്ദബോസ് പങ്കെടുത്തു. ഭാരതീയ സിനിമയെ ആഗോള സിനിമയുമായി എങ്ങനെ ബന്ധിപ്പിക്കാമെന്ന് വിശകലനം ചെയ്ത് സമഗ്രമായ ഒരു റിപ്പോർട്ട് തയ്യാറാക്കുമെന്ന് സന്ദര്ശനശേഷം ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.