'ഇന്ത്യ ഒരൊറ്റ ദിവസം കൊണ്ട് 640 ദശലക്ഷം വോട്ടുകളെണ്ണി'; യുഎസിനെ വിമർശിച്ച് ഇലോൺ മസ്‌ക്
വാഷിംഗ്‌ടൺ: കാലിഫോർണിയയിൽ നിന്നുള്ള യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഫലം വൈകുന്നതിൽ രൂക്ഷവിമർശനവുമായി വ്യവസായി ഇലോൺ മസ്‌ക്. യുഎസ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് 19 ദിവസം പിന്നിട്ടും കാലിഫോർണിയയിൽ നിന്നുള്ള ഔദ്യോഗിക ഫലം ഇനിയും പുറത്തുവന്നിട്ടില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരൊറ്റ ദിവസംകൊണ്ട് ഇന്ത്യ ദശലക്ഷക്കണക്കിന് വോട്ടുകൾ എണ്ണിയത് ചൂണ്ടിക്കാട്ടിയാണ് മസ്‌കിന്റെ വിമർശനം. 'ഇന്ത്യ എങ്ങനെ ഒരുദിവസം കൊണ്ട് 640 ദശലക്ഷം വോട്ടുകൾ എണ്ണി' എന്നുള്ള മാദ്ധ്യമവാർത്ത പങ്കുവച്ചായിരുന്നു മസ്‌കിന്റെ വിമർശനം. 'ഇന്ത്യ ഒരൊറ്റ ദിവസം 640 ദശലക്ഷം വോട്ടുകൾ എണ്ണി, കാലിഫോർണിയ ഇപ്പോഴും എണ്ണികൊണ്ടിരിക്കുന്നതേയുള്ളൂ' എന്നാണ് മസ്‌ക് ട്വീറ്റ് ചെയ്തിരിക്കുന്നത്.
കാലിഫോർണിയയിൽ 98 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് കമല ഹാരിസിനെ വിജയിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. 58.6 ശതമാനം വോട്ടുകളാണ് കാലിഫോർണിയയിൽ കമലയ്ക്ക് ലഭിച്ചത്. ഡൊണാൾഡ് ട്രംപിന് 38.2 ശതമാനം വോട്ടും.
39 ദശലക്ഷം താമസക്കാരുള്ള യുഎസിലെ ഏറ്റവും ജനസാന്ദ്രതയുള്ള യുഎസ് സംസ്ഥാനമാണ് കാലിഫോർണിയ. പ്രധാനമായും ഇമെയിൽ മാർഗമാണ് ഇവിടെ തിരഞ്ഞെടുപ്പ് നടത്തുന്നത്. അതിനാൽ തന്നെ വോട്ടെണ്ണുന്നതിനും കാലതാമസമുണ്ടാവുന്നു. കൂടാതെ ഡിസംബർ ഒന്നുവരെ വോട്ടർമാർക്ക് വോട്ടിംഗിനിടെ വരുത്തിയ തെറ്റുകൾ തിരുത്താനുള്ള അവസരവുമുണ്ട്.
കാലിഫോർണിയയിൽ നിന്നുള്ള ഫലം പുറത്തുവരാനുണ്ടെങ്കിലും യുഎസിന്റെ അടുത്ത പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ജയിക്കാൻ വേണ്ട 270 ഇലക്ട്രൽ വോട്ടുകൾ അദ്ദേഹം നേടി. 280 ഇലക്ട്രൽ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയത്. നാലുവർഷത്തിനുശേഷമാണ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിന്റെ പടി ചവിട്ടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയത്തിനടുത്തെത്തിയെങ്കിലും ജോ ബൈഡനോട് പരാജയപ്പെടുകയായിരുന്നു. അധികാരത്തിലെത്തുന്നതോടെ 127 വർഷത്തിനുശേഷം, തുടർച്ചയായല്ലാതെ വീണ്ടും അമേരിക്കൻ പ്രസിഡന്റാകുന്ന വ്യക്തിയെന്ന പദവിയും ട്രംപിനെ തേടിയെത്തും.